ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ബാങ്ക് കവര്‍ച്ച. മംഗലാപുരത്തെ കൊട്ടേക്കര്‍ സഹകരണ ബാങ്കിലാണ് കവര്‍ച്ച നടന്നത്. കാറിലെത്തിയ ആറംഗസംഘമാണ് കവച്ചയ്ക്കുപിന്നില്‍. ഇതില്‍ അഞ്ചുപേരാണ് തോക്കുകളുമായി ബാങ്കിനകത്തേക്ക് പോയത്. ആറാമന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച ചെയ്തത്. സ്വര്‍ണവും പണവും ഉള്‍പ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
മംഗളൂരു ഉള്ളാള്‍ താലൂക്കിലെ കെ.സി.റോഡിലുള്ള കൊട്ടേക്കര്‍ കോ.-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വെള്ളിയാഴ്ച വന്‍ കവര്‍ച്ച നടന്നത്. ഒരു കറുത്ത ഫിയറ്റ് കാറിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. തോക്കുചൂണ്ടി അഞ്ച് ചാക്കുകളിലായാണ് മോഷണമുതലുമായി ഇവര്‍ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒന്നടങ്കം സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഇതെല്ലാം ഭേദിച്ചാണ് കവര്‍ച്ചാസംഘം കൃത്യം നിര്‍വഹിച്ച് മടങ്ങിയത്.
ബാങ്കിലെ സിസിടിവി ക്യാമറകള്‍ കേടായതിനാല്‍ നന്നാക്കാന്‍ ടെക്‌നീഷ്യന്‍ ബാങ്കിലെത്തിയിരുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കേയാണ് കവര്‍ച്ച നടത്തിയത്. ബാങ്കിനകത്തെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലാക്കിയാവാം സംഘം കവര്‍ച്ചയ്‌ക്കെത്തിയതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ക്യാമറ അറ്റകുറ്റപ്പണികള്‍ക്ക് ചുമതലപ്പെടുത്തിയ ഏജന്‍സിയെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. അതേസമയം സിസിടിവി ക്യാമറ നന്നാക്കാന്‍ വന്നയാളുടെ കയ്യിലെ ആഭരണവും സംഘം അപഹരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലുള്ള ബേക്കറിയിലുണ്ടായിരുന്ന ഏതാനും കുട്ടികളോട് അവിടെ നിന്ന് മാറിപ്പോകണമെന്ന് കവര്‍ച്ചാസംഘം ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കവര്‍ച്ചക്കാര്‍ കന്നഡയിലാണ് പരസ്പരം സംസാരിച്ചതെങ്കിലും ബാങ്കിലുള്ളവരോട് ഹിന്ദിയിലാണ് ആശയവിനിമയം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കവര്‍ച്ചക്കാര്‍ വന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് പേലീസ് സംഘം പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ബാങ്കിലേക്ക് കയറുന്നതിന്റെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മംഗളൂരു നഗരം ലക്ഷ്യമാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് വിവരം. അഞ്ചുവര്‍ഷം മുന്‍പും ഇതേ ബാങ്കില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് തോക്കും കത്തിയും ഉപയോഗിച്ചായിരുന്നു കവര്‍ച്ച. നിലവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച ബിദറിലും ബാങ്ക് കൊള്ള നടന്നിരുന്നു. എസ്.ബി.ഐ. എ.ടി.എമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ അക്രമികള്‍ കവര്‍ന്നതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രണ്ട് സുരക്ഷാജീവനക്കാരാണ് പണം കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്നത്. പണംകൊണ്ടുവന്ന വാഹനം എ.ടി.എം. കൗണ്ടറിന് മുന്നില്‍ നിര്‍ത്തിയതിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പണം സൂക്ഷിച്ച പെട്ടികളുമായി ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു.