CrimeNEWS

ബസ് യാത്രയില്‍ തുടങ്ങിയ പ്രണയം, സൈനികന്റെ വിവാഹാലോചന വന്നതോടെ മനംമാറ്റം; ജ്യൂസ് ചലഞ്ച്, വിഷ കഷായം, കാമുകനെ ഒഴിവാക്കാന്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഗ്രീഷ്മ…

തിരുവനന്തപുരം: സൈനികനുമായി ഉറപ്പിച്ച വിവാഹത്തിന് തടസ്സമാകുമെന്നായതോടെയാണ് ഗ്രീഷ്മ കാമുകന്‍ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ആ ശ്രമം ഒടുവില്‍ ക്രൂരമായ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജോത്സ്യന്‍ പറഞ്ഞുവെന്ന് ധരിപ്പിച്ചാണ് ഷാരോണിനെ ഒഴിവാക്കാന്‍ ആദ്യ ശ്രമം നടത്തിയത്. ഇതൊന്നും വകവെക്കാതെ ഷാരോണ്‍ ബന്ധം തുടരാന്‍ തീരുമാനിച്ചതോടെ ഗ്രീഷ്മയുടെ തന്ത്രം പാളുകയായിരുന്നു.

തുടര്‍ന്നാണ് ഷാരോണിനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം ആരംഭിച്ചത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു. അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തിയ ജൂസ് കയ്പു കാരണം ഷാരോണ്‍ അന്ന് അതു തുപ്പിക്കളയുകയായിരുന്നു.

Signature-ad

ഒടുവില്‍ 2022 ഒക്ടോബര്‍ 14 നാണ് കഷായത്തില്‍ വിഷം നല്‍കികൊണ്ട് ഷാരോണിനെ മരണത്തിലേക്ക് തള്ളിവിടുന്നത്. അമ്മയില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ന്ന കഷായവും ജ്യൂസും ഷാരോണിന് നല്‍കി. ആയുര്‍വേദ മരുന്ന് കുടിച്ചാല്‍ ഒരു തരത്തിലും ജീവന്‍ അപകത്തിലാവില്ലെന്ന് വിശ്വസിപ്പിച്ചാണ് കുടിപ്പിച്ചത്. വൈകിട്ടോടെ ഛര്‍ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് ഷാരോണ്‍ പാറശ്ശാല ആശുപത്രിയില്‍ ചികിത്സ തേടി.

തൊട്ടടുത്ത ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഡയാലിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് കഷായം കുടിച്ച കാര്യം ഷാരോണ്‍ തുറന്നുപറയുന്നത്. ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്ടോബര്‍ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി.

തൊട്ടടുത്ത ദിവസം അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണു ജാമ്യം ലഭിച്ചത്.

ഗ്രീഷ്മ നല്‍കിയ കഷായമാണ് താന്‍ കുടിച്ചതെന്ന് ഷാരോണ്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കളനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിന് രണ്ട് ദിവസം മുന്‍പ് പിതാവ് ജയരാജിനോടും ഷാരോണ്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു.

തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു ,അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികളാക്കുയായിരുന്നു. ഇന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അമ്മയെ വെറുതെ വിട്ടു.

നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിയായ ഷാരോണും അഴകിയ മണ്ഡപം മുസ്ലിം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥി നിയായ ഗ്രീഷ്മയും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. ബസില്‍ വെച്ചുണ്ടായ പരിചയമാണ് തീവ്രപ്രണയത്തിലേക്ക് നയിക്കുന്നത്. ഗ്രീഷ്മയോടൊപ്പം അഴകിയ മണ്ഡപത്ത് ഇറങ്ങുന്ന ഷാരോണ്‍ ഗ്രീഷ്മയുമായി ബസ്റ്റാന്‍ഡില്‍ ചെലവഴിക്കുമായിരുന്നു. പിന്നീട് ബസ് യാത്ര അവസാനിപ്പിച്ച് ഇരുവരും ബൈക്കിലാണ് പോയിരുന്നത്. ബി.എ.ക്ക് എട്ടാം റാങ്ക് നേടിയ ഗ്രീഷ്മ എം.എ.ക്കു പഠിത്തത്തില്‍ പിന്നിലേക്കു പോയിരുന്നു. ഇതേ ത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പ്രണയം കണ്ടെത്തിയത്. വീട്ടുകാരുടെ ശാസനയില്‍ ബന്ധം അവസാനിപ്പിച്ചെന്ന് ഗ്രീഷ്മ വീട്ടുകാരെ ധരിപ്പിച്ചിരുന്നു. ഇവര്‍ ഒരുമിച്ചുള്ള യാത്രകളുടെ ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണിലുണ്ടായിരുന്നു. കേസന്വേഷണത്തില്‍ വഴിത്തിരിവായതും ഈ ദൃശ്യങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: