CrimeNEWS

”വായ തുറന്ന്, ചമ്രംപടിഞ്ഞ് ഇരിപ്പ്, തലയില്‍ മുട്ടാതെ സ്ലാബ്; കല്ലറയില്‍ കണ്ടത് ഗോപനെ തന്നെ”

തിരുവനന്തപുരം: ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെതന്നെ (ഗോപന്‍ സ്വാമി, മണിയന്‍) മൃതദേഹമാണു കല്ലറയില്‍ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിന്‍കര കൗണ്‍സിലര്‍ പ്രസന്നകുമാര്‍. മുന്‍പു ഗോപനെ കണ്ടിട്ടുണ്ട്, തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി. പൊലീസുകാര്‍ കല്ലറ പൊളിക്കുമ്പോള്‍ പ്രസന്നകുമാര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ സന്നിഹിതരായിരുന്നു. ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ മുട്ടാത്ത നിലയിലാണ് സ്ലാബ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ വായ തുറന്നിരുന്നു. വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പ്രസന്നകുമാര്‍ പറഞ്ഞു.

ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയായിരുന്നു. മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു മൃതദേഹം ഇരുന്നിരുന്നത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധന നടക്കാനുണ്ട്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ്, അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്.

Signature-ad

കല്ലറയിലെ മൃതദേഹത്തിന്, കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗോപന്‍ സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പൊലീസ് അനൗദ്യോഗികമായി വ്യക്തമാക്കി. ഇതു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും. മരണകാരണവും കണ്ടെത്താനുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പുലര്‍ച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി രാവിലെത്തന്നെ അടച്ചു; ഇവിടെ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ലായിരുന്നു. ടാര്‍പോളിന്‍ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണു മേല്‍മൂടി തുറന്നത്. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആര്‍ഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനാ നേതാക്കളും കുടുംബവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. കല്ലറ പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഇന്നു പുലര്‍ച്ചെതന്നെ വന്‍ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. കല്ലറ തുറക്കുന്നതിനു സമീപം നില്‍ക്കണമെന്നു തന്നോട് പൊലീസ് ആവശ്യപ്പെട്ടെന്നും താന്‍ തയാറായില്ലെന്നും ഗോപന്റെ മകന്‍ സനന്തന്‍ പറഞ്ഞു.

Back to top button
error: