കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഭർത്താവ് രാജീവാണ് ഭാര്യ ശ്യാമ(26)യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ വ്യക്തമായി.
മൈനാഗപള്ളി സ്വദേശിയായ ശ്യാമയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ വീണ് കിടന്ന ശ്യാമയെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു രാജീവിൻ്റെ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ രാജീവിനെ ശാസ്താംകോട്ട പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമായത്.
ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ രാജീവ് മൊഴി നൽകി. കൊലയ്ക്കു പിന്നിലെ കാരണങ്ങൾ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയിലാണ് രാജീവ് ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ശ്യാമയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സമയത്ത് രാജീവും ശ്യാമയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
അബോധാവസ്ഥയിലായ ശ്യാമയെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടുമോ എന്നറിയാൻ സമീപത്തെ ഉത്സവ മൈതാനത്ത് എത്തി നാട്ടുകാരോട് രാജീവ് സഹായം തേടി. വീടിനുള്ളിൽ വീണുകിടക്കുന്ന തരത്തിൽ കണ്ടെത്തിയ ശ്യാമയെ നാട്ടുകാരുടെ സഹായത്തോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദുരൂഹത സംബന്ധിച്ച് പരാതികളും പ്രതിഷേധവും ഉയർന്നതോടെ രാജീവ് പിറ്റേന്ന് പൊലീസ് കസ്റ്റഡിയിലായി. എന്നാൽ കുറ്റം സമ്മതിക്കാൻ തയാറായില്ല. ഒടുവിൽ രാത്രി വൈകിയാണ് പ്രതി കുറ്റം സമ്മതിച്ചത്. കല്ലുകടവ് പാലത്തിനു സമീപം കട നടത്തുകയാണ് രാജീവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. പക്ഷേ ദമ്പതികൾ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ദിയ രാജ്, ദക്ഷ രാജ് എന്നിവർ മക്കളാണ്. ശ്യാമയുടെ മൃതദേഹം സംസ്കരിച്ചു.