KeralaNEWS

പി.വി അന്‍വർ കലക്കിയ കുളത്തിൽ മീൻ പിടിക്കാൻ യുഡിഎഫ്: വി.ഡി സതീശൻ്റെ മലയോര സമര പ്രചരണയാത്ര ജനുവരി 27 മുതൽ

   കേരളത്തിലെ കർഷകർ നേരിടുന്ന വന്യജീവി ആക്രമണങ്ങളായിരുന്നു പി.വി അൻവറിൻ്റെ തുറുപ്പുചീട്ട്. അതിനു പരിഹാരം തേടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നാണ് അൻവർ പറയുന്നത്. എന്നാൽ അൻവർ കലക്കിയ കുളത്തിൽ മീൻ പിടിക്കാൻ യുഡിഎഫ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് മലയോര സമര പ്രചരണയാത്ര നടത്താൻ ഒരുങ്ങുന്നു. ജനുവരി 27 മുതൽ ഫെബ്രുവരി 5 വരെയാണ് പരിപാടി.

വനംനിയമ ഭേദഗതി ബിൽ പിൻവലിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും മലയോര സമര പ്രചരണ യാത്രയിലെ ആവശ്യങ്ങളാണ്.

Signature-ad

ജനുവരി 27ന് ഇരിക്കൂറിലെ ഉളിക്കൽ നിന്ന് ആരംഭിക്കുന്ന മലയോര സമര പ്രചരണയാത്ര  ഫെബ്രുവരി 5ന് പാറശാല മണ്ഡലത്തിലെ അമ്പൂരിയിൽ സമാപിക്കും. വനം നിയമ ഭേദഗതി ബിൽ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ മുന്നറിയിച്ച് നൽകി.

നിലവിലെ വനനിയമ ഭേദഗതി വനത്തിനുള്ളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്നും ഹസൻ ആരോപിച്ചു. വന്യജീവി ആക്രമത്തിൽ മരിക്കുന്നവർക്ക്ന നിലവിൽ നൽകുന്ന നഷ്ടപരിഹാര തുക 10 ലക്ഷം  അപര്യാപ്തമാണ്. നഷ്ടപരിഹാര തുക ഉയർത്തണം. അർഹരായ പലർക്കും ഇന്നും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. മരിക്കുന്നവരുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണമെന്നും എം എം ഹസൻ ആവശ്യപ്പെട്ടു.

പി വി അൻവർ വിഷയത്തിലും യുഡിഎഫ് കൺവീനർ പ്രതികരിച്ചു. അൻവർ വിഷയം യുഡിഎഫ് ചർച്ചക്ക് എടുത്തിട്ടില്ല. ആദ്യം രാജി സ്വീകരിക്കണം. ഇപ്പോൾ തെരഞ്ഞെടുപ്പ് ഇല്ലല്ലോയെന്നും തിരഞ്ഞെടുപ്പ് വരുമ്പോൾ ആലോചിക്കാമെന്നും ഹസൻ വ്യക്തമാക്കി. യുഡിഎഫ് സ്വന്തം നിലയിൽ പിവി അൻവറിനെ സ്വാഗതം ചെയ്യില്ല. കോൺഗ്രസിലേക്ക് വരാൻ അൻവർ താൽപര്യം പ്രകടിപ്പിച്ചാൽ മാത്രം മറ്റു കാര്യങ്ങൾ സംസാരിക്കാമെന്നും ഹസൻ കൂട്ടിച്ചേർത്തു.

അൻവർ പത്രസമ്മേളനത്തിൽ പറയുന്നതിന്റെ അടിസ്ഥാനത്തിൽ മറുപടി പറയാൻ കഴിയില്ല. യുഡിഎഫിൻ്റെ മുൻപിൽ വരുമ്പോൾ മാത്രം ആലോചിക്കാമെന്നും എം എം ഹസൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: