IndiaNEWS

മകന്റെ പ്രതിശ്രുതവധുവിനെ വിവാഹം കഴിച്ച് അച്ഛന്‍; പിന്നാലെ സന്ന്യാസം സ്വീകരിച്ച് മകന്‍

മുംബൈ: ഓരോ സമൂഹവും സാമൂഹികാവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി ചില അലിഖത നിയമങ്ങള്‍ രൂപപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും കുടുംബബന്ധങ്ങളില്‍. എന്നാല്‍ ഇത്തരം അലിഖത നിയമങ്ങളെ മറികടന്ന് ചിലര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് സമൂഹത്തിലാകെ ചില അസ്വസ്ഥതകള്‍ ഉയര്‍ത്തുന്നു. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. മകന് വിവാഹം കഴിക്കാനായി നിശ്ചയിച്ച് ഉറപ്പിച്ച വധുവിനെ അച്ഛന്‍ വിവാഹം കഴിച്ചെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇതിന് പിന്നാലെ മകന്‍ കുടുംബ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായയിനിടെയാണ് അച്ഛനും മകന്റെ വധുവും തമ്മില്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അച്ഛന്റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായ യുവാവ്, വീട് ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരും നാട്ടുകാരും മകനെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമം നടത്തി. മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി എത്രയും പെട്ടെന്ന് വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും യുവാവ് അതിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Signature-ad

സമാനമായ ഒരു വാര്‍ത്ത ചൈനയില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബാങ്ക് ഓഫ് ചൈനയുടെ മുന്‍ ചെയര്‍മാന്‍ ലിയു ലിയാങ്‌ഗെയുമായി ബന്ധപ്പെട്ട വാര്‍ത്തായായിരുന്നു അത്. അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് ചൈനീസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ലിയു ലിയാങ്‌ഗെയ്ക്ക് വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍ പിന്നീട് തത്കാലത്തേക്ക് ശിക്ഷ നടപ്പാക്കുന്നതിന് ഇളവ് നല്‍കിയിരുന്നു. ഈ സമയം ലിയുവിന്റെ മകന്‍, താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവതിയെയും കൂട്ടി അച്ഛനെ കാണാനെത്തി.

പെണ്‍കുട്ടിയില്‍ അനുരുക്തനായ ലിയു, മകനെ തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മകന് സുഹൃത്തിന്റെ മകളെ ലിയു വിവാഹം കഴിപ്പിച്ച് കൊടുത്തു. പിന്നാലെ മകന്‍ വിവാഹം കഴിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. ലിയുവിന്റെ വിവാഹാഭ്യര്‍ത്ഥ സ്വീകരിച്ച പെണ്‍കുട്ടി അദ്ദേഹത്തെ വിവാഹം കഴിച്ചെങ്കിലും ആറ് മാസത്തിനുള്ളില്‍ ആ ബന്ധം ഉപേക്ഷിക്കപ്പെട്ടു. പിന്നീട് പഴയ കേസില്‍ ചൈനീസ് സര്‍ക്കാര്‍ ലീയുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: