CrimeNEWS

ഗോപന്‍സ്വാമിയുടെ ‘സമാധിസ്ഥലം’ പൊളിക്കാന്‍ പോലീസ്; സമ്മതിക്കില്ലെന്ന് കുടുംബം; നാടകീയരംഗങ്ങള്‍, സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ‘സമാധി’യിരുത്തിയ ഗോപന്‍സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരുവിഭാഗം നാട്ടുകാരും. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

സമാധിപീഠം ഒരുകാരണവശാലും പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിലേക്ക് ഓടിയെത്തി കുത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. സംഘടനകളും സ്ഥലത്തുണ്ട്. ഒടുവില്‍ കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്.

Signature-ad

സമാധിയിടത്തിലെ ശില അഞ്ചുവര്‍ഷം മുമ്പേ മയിലാടിയില്‍നിന്ന് വിഗ്രഹങ്ങള്‍ക്കൊപ്പം അച്ഛന്‍ കൊണ്ടുവന്നതാണെന്ന് മകന്‍ പ്രതികരിച്ചു. ഇരിക്കാനുള്ള പത്മപീഠവും വിഗ്രഹങ്ങള്‍ക്കൊപ്പം കൊണ്ടുവന്നതാണ്. അത് നാട്ടുകാര്‍ക്കറിയാം. നാട്ടുകാരെല്ലാം അന്ന് വിഗ്രഹം എടുക്കാന്‍ വന്നിരുന്നു. അച്ഛന്‍ ഇന്നദിവസം സമാധിയാകുമെന്ന് അച്ഛന്‍ തന്നെ പറഞ്ഞിരുന്നു. സമാധിസ്ഥലം ഒരുകാരണവശാലം പൊളിക്കാന്‍ സമ്മതിക്കില്ല. ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തി ഒരുകാര്യവും ചെയ്യാനാകില്ലെന്നും മകന്‍ പറഞ്ഞു.

ഗോപന്‍സ്വാമി സമാധിയായതിനാല്‍ സമാധിപീഠം പൊളിക്കാനാകില്ലെന്ന് ഭാര്യ സുലോചനയും പറഞ്ഞു. സമാധി ഇരിക്കുന്നസമയത്ത് ആരും കാണരുത്. ആ സമയത്ത് മക്കള്‍ പൂജകളും കര്‍മങ്ങളും ചെയ്യണം. ആരെങ്കിലും കണ്ടാല്‍ ആ കര്‍മങ്ങള്‍ പൂര്‍ത്തിയാകില്ല. അതെല്ലാം മകനോട് നേരത്തെ പറഞ്ഞുകൊടുത്തിരുന്നു. അഞ്ചുകൊല്ലം മുമ്പേ ഇതെല്ലാം മകനോട് പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു.

ഗോപന്‍സ്വാമിയെ മക്കള്‍ സമാധിയിരുത്തി അടക്കിയ കോണ്‍ക്രീറ്റ് അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തിലായിരിക്കും പോലീസ് കോണ്‍ക്രീറ്റ് അറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ഇതിന്റെ നടപടികള്‍ ആരംഭിച്ചു.

മണിയന്‍ എന്ന ഗോപന്‍സ്വാമി(69) സമാധിയായതിനെത്തുടര്‍ന്ന് പത്മപീഠത്തിലിരുത്തി കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിച്ചെന്നാണ് മക്കള്‍ പോലീസിനു നല്‍കിയ മൊഴി. മരണവിവരം അയല്‍വാസികളെപ്പോലും അറിയിക്കാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചത്.

നാട്ടുകാരായ രണ്ടുപേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോപന്‍സ്വാമിയെ കാണാനില്ലെന്നാണ് ഇപ്പോള്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഗോപന്‍സ്വാമി എങ്ങനെ മരിച്ചു, എപ്പോള്‍ മരണം സംഭവിച്ചു തുടങ്ങിയ വിവരങ്ങളും മൃതദേഹപരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

തിങ്കളാഴ്ച സമാധിയിടം തുറന്ന് മൃതദേഹം പുറത്തെടുക്കുമ്പോള്‍ കൂടുതല്‍ ജീര്‍ണിച്ചില്ലെങ്കില്‍ മാത്രമേ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം നടത്തൂ. അല്ലെങ്കില്‍ ഇതിനു സമീപത്തുവെച്ചുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: