നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍. നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന അവസാനത്തെ ഉപതെരഞ്ഞടുപ്പ് പിണറായിസത്തിനെതിരെയുളള അവസാനത്തെ ആണിയായി മാറേണ്ടതുണ്ട്.
‘ഇനി 482 ദിവസം മാത്രമാണ് പിണറായിക്ക് ബാക്കിയുള്ളത്. ഇന്നു മുതല്‍ കൗണ്ട് ഡൗണ്‍ ആരംഭിക്കുകയാണ്. മലയോര കര്‍ഷരുടെ മുഴുവന്‍ പിന്തുണയും ആര്‍ജിച്ചുകൊണ്ടായിരിക്കും പിണറായിസത്തിനെതിരായ പോരാട്ടം. പിവി അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് പോയിട്ട് ഒരുരോമം പോലും പോയില്ലെന്ന് പറയുന്നവര്‍ പാര്‍ട്ടിയിലുണ്ട്. അത് നമുക്ക് കാണാം. മലയോരമേഖലയുടെ പ്രശ്‌നങ്ങള്‍ അറിയുന്ന, നിലവിലെ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണം.’
അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് രാജി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നിര്‍ദ്ദേശിച്ചതനുസരിച്ചാണെന്നും താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി ശശിക്കും അജിത് കുമാറിനുമെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് തന്നെ തള്ളിപ്പറഞ്ഞു. അഴിമതിയിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന് പങ്കുണ്ടെന്ന് അതോടെയാണ് മനസിലായത്. ഒരുപാട് പാപഭാരങ്ങള്‍ പേറിയാണ് താന്‍ നടക്കുന്നത്. പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് പി ശശിയാണ്. 150 കോടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നിട്ടുണ്ടെന്ന് പറഞ്ഞ് കൃത്യമായി ടൈപ്പ് ചെയ്തു തരികയും ചെയ്തു. മുഖ്യമന്ത്രിയെയും കുടുംബത്തെയും നിയമസഭയില്‍ പ്രതിപക്ഷം ദയയില്ലാത്തവിധം ആക്രമിച്ചപ്പോഴാണ് താന്‍ ഇത് ഏറ്റെടുത്തത്. വിഡി സതീശനോട് താന്‍ മാപ്പു ചോദിക്കുകയാണെന്നും മാപ്പപേക്ഷ സ്വീകരിക്കണമെന്നും അന്‍വര്‍ അഭ്യർത്ഥിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. തന്നോടൊപ്പം നിന്ന നിലമ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു.
വന്യജീവിനിയമം കാരണം കേരളം ബുദ്ധിമുട്ടുകയാണ്. ഈ പ്രശ്‌നങ്ങള്‍ ദീദിയെ അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ചുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മമതാ ബാനര്‍ജി ഉറപ്പുനല്‍കി. ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ഈ വിഷയം ഉന്നയിക്കുമെന്നും എംഎല്‍എ സ്ഥാനം രാജിച്ച് പോരാട്ടത്തിനിറങ്ങാനും മമത ബാനർജി നിര്‍ദ്ദേശിച്ചു.
ആര്യാടന്‍ ഷൗക്കത്തിനെ സിനിമ, സാംസ്‌കാരിക നായകനായിട്ടേ തനിക്ക് അറിയുകയുള്ളു. ഒരുപാട് നാളായി അദ്ദേഹത്തെ കണ്ടിട്ട്. ഇപ്പോള്‍ അദ്ദേഹം കഥയെഴുതുകയാണെന്ന് അറിഞ്ഞു. കഥയെഴുതുന്നയാളെ അങ്ങനെ പുറത്തുകാണില്ലല്ലോ എന്നും അന്‍വര്‍ പറഞ്ഞു.