CrimeNEWS

കുമാര്‍ കൈയില്‍ കരുതിയത് ചെറുതും വലുതുമായ മൂന്ന് കത്തികള്‍; ആശയെത്തിയത് ബാഗ് നിറയെ വസ്ത്രങ്ങളുമായി, തിരിച്ചുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സൂചന

തിരുവനന്തപുരം: സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താനായി പേയാട് സ്വദേശി കുമാര്‍ കരുതിയത് മൂന്ന് കത്തികള്‍. ഇതില്‍ ഏറ്റവും മൂര്‍ച്ചയേറിയത് ഉപയോഗിച്ചാണ് ആശയെ കുമാര്‍ കഴുത്ത് കീറി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. പേയാട് കാവുവിള ലക്ഷം വീട്ടില്‍ കുമാര്‍ (52), വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ പേയാട് ചെറുപാറ എസ്.ആര്‍ ഭവനില്‍ ആശ (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് കുമാര്‍ മുറിയെടുത്തത്.ശനിയാഴ്ച രാവിലെയാണ് ആശ എത്തിയത്.ഞായറാഴ്ച രാവിലെ ജീവനക്കാര്‍ മുറി വൃത്തിയാക്കുന്നതിനായി പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ തമ്പാനൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ ഏഴിന് പൊലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. ആശയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ നിലയില്‍ നിലത്ത് രക്തത്തില്‍ കുളിച്ച് കട്ടിലിന് സമീപത്തായിരുന്നു. കുമാര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

Signature-ad

പാങ്ങോട് സൈനിക ക്യാംപില്‍ കരാര്‍ തൊഴിലാളിയാണ് ആശ. ഭര്‍ത്താവും രണ്ട് മക്കളുമൊന്നിച്ചാണ് താമസിച്ചിരുന്നത്. രാവിലെ ജോലിക്കു പോയി, വൈകിട്ട് തിരിച്ചു വരുന്നതാണ് പതിവ്. ആശയെ കാണാത്തതിനാല്‍ ഭര്‍ത്താവ് ശനിയാഴ്ച രാത്രി വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അടുപ്പത്തിലായതെന്നും ഇവര്‍ തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി.

ആശയുമായി കുമാറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. യുവതിയില്‍ നിന്ന് പലപ്പോഴായി ഇയാള്‍ പണം കടം വാങ്ങുകയും ചെയ്തിരുന്നത്രേ. ഇത് തിരികെ ചോദിച്ചതിലുള്ള വിരോധമാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഹോട്ടലില്‍ മുറിയെടുത്ത കുമാര്‍ കത്തികളുമായി ഇരയെ കാത്തിരിക്കുകയായിരുന്നു. ജീവനൊടുക്കാനുള്ള കയറും ഇയാള്‍ വാങ്ങി സൂക്ഷിച്ചിരുന്നു.

ശനിയാഴ്ച രാവിലെ ലോഡ്ജിലെത്തിയ ആശ ഭക്ഷണവും വസ്ത്രങ്ങളും ബാഗില്‍ കരുതിയിരുന്നു. നിറയെ വസ്ത്രങ്ങളുമായെത്തിയ ഇവര്‍ തിരിച്ചുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. ആശയും കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല.

ജോലിക്കുപോയ ആശ തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് സുനില്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. സഹപ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോള്‍ ആശ അവധിയാണെന്ന് അറിഞ്ഞു. തുടര്‍ന്ന് സുനില്‍ നല്‍കിയ പരാതിയില്‍ രാത്രി 11ന് വിളപ്പില്‍ശാല പൊലീസ് കേസെടുത്തു. കുമാര്‍ ഭാര്യയുമായി പിരിഞ്ഞു നാല് വര്‍ഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കാണു താമസം. ഏക മകന്‍ ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിലാണ്. ആശയുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകകാരണം വ്യക്തമാകൂവെന്ന് തമ്പാനൂര്‍ സി.ഐ ശ്രീകുമാര്‍ വി.എം പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കുമാറിന്റെ മൃതദേഹം മണക്കാട് പുത്തന്‍കോട്ട ശ്മശാനത്തിലും ആശയുടേത് ശാന്തികവാടത്തിലും സംസ്‌കരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: