തിരുവനന്തപുരം: അതിയന്നൂര്‍ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപന്‍ സ്വാമിയുടെ (81) സമാധി തുറന്ന് പരിശോധിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. സബ് കളക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഗോപന്‍ സ്വാമിയുടെ കുടുംബവുമായി സബ് കളക്ടര്‍ സംസാരിക്കുകയാണ്.
അതേസമയം, സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ഭര്‍ത്താവ് സമാധിയായതാണെന്നും തുറക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു.
ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ല. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. പിതാവിന്റെ സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍ രാജസേനനും മുന്നറിയിപ്പ് നല്‍കി.
സമാധി തുറന്ന് മൃതദേഹം പുറത്തെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൊലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ഇന്നുതന്നെ പോസ്റ്റുമോര്‍ട്ടത്തിനായി കൈമാറും. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തും.
സമാധി സ്ഥലത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. സമാധി സ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാരാണ് ആവശ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടുകാരുടെ ഉള്‍പ്പെടെ മൊഴിയെടുക്കുകയും ചെയ്തു.