ചെന്നൈ: തമിഴ് സിനിമകളില്‍ അമ്മ വേഷങ്ങളിലൂടെ സുപരിചിതയായ നടി കമല കാമേഷ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 72 വയസായിരുന്നു. നടന് റിയാസ് ഖാന് മരുമകനാണ്. നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 400ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. സംഗീത സംവിധായകനായിരുന്ന കാമേഷാണ് ഭര്‍ത്താവ്. അദ്ദേഹം 1984ല്‍ അന്തരിച്ചു.
സംവിധായകന് വിഷു സംവിധാനം ചെയ്ത ‘സംസാരം അതു ദിലിക്കും’ എന്ന ചിത്രത്തിലെ ഗോദാവരി എന്ന കഥാപാത്രം ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ജയഭാരതിയുടെ ‘കുടിസൈ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കമല പിന്നീട് സ്റ്റേജ് നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി.
1952 ഒക്ടോബര്‍ 23ന് കൊച്ചിയിലായിരുന്നു കമല ജനിച്ചത്. പുലന്‍ വിസാരണൈ (1990), ചിന്ന ഗൗണ്ടര്‍ (1991), മൂണ്ട്രു മുഖം (1982) എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. മലയാളം,തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വെളിച്ചം വിടരുന്ന പെണ്‍കുട്ടി (1982), രുഗ്മ (1983), ഒരു സന്ദേശം കൂടി (1985), ആളൊരുങ്ങി അരങ്ങൊരുങ്ങി (1986), വീണ്ടും ലിസ (1987), അമൃതം ഗമയ (1987), ഇവളെന്റെ കാമുകി (1989), അവന് അനന്തപത്മനാഭന് (1994) തുടങ്ങിയ മലയാള സിനിമകളിലും കമല പ്രധാന വേഷങ്ങളിലെത്തി. ആര്.ജെ. ബാലാജി സംവിധാനം ചെയ്ത ”വീട്ല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.