KeralaNEWS

യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തിയ ആയുര്‍വേദ ഡോക്ടര്‍ക്ക് ആകസ്മിക മരണം; തൃപ്പൂണിത്തുറ സ്വദേശി ആനന്ദിന്റെ വിയോഗം ഭാര്യ ഗര്‍ഭിണിയായിരിക്കെ

ലണ്ടന്‍: സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുര്‍വേദ ഡോക്ടര്‍ക്ക് അപ്രതീക്ഷിത മരണം. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണന്‍ (33) ആണ് വിടവാങ്ങിയത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും.

ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ഹരിതയും ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി കെയററായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പ് ഹരിത ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത എത്തിയതിനു പിന്നാലെയാണ് ആനന്ദിന്റെ അമ്മ നാട്ടില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലാവുകയും ചെയ്തത്. അതിനെ തുടര്‍ന്ന് രണ്ടു പേരും കടുത്ത മാനസിക വേദനയിലായിരുന്നു.

Signature-ad

അമ്മയുടെ ചികിത്സയും മറ്റും മറികടന്നു വന്നതിനു പിന്നാലെയാണ് ഏകദേശം ഒരു മാസം മുമ്പ് ആനന്ദിനെ കരള്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ നിരവധി തവണ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയും വന്നു. അങ്ങനെ കരളിലും നെഞ്ചിലും അണുബാധയുണ്ടാവുകയും അതു പിന്നീട് കിഡ്നിയേയും ശ്വാസകോശത്തേയും എല്ലാം ബാധിച്ച് ആന്തരികാവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തന രഹിതമാവുകയായിരുന്നു.

ഒന്നരയാഴ്ച മുമ്പാണ് ആന്തരിക രക്തസ്രാവം ശക്തമാവുകയും ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തത്. പിന്നാലെ ഏതാനും ദിവസങ്ങളായി മരുന്നുകളോടും പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ ഇന്നലെ വൈകുന്നേരത്തോടു കൂടി വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഭാര്യയോടു സംസാരിക്കവെയാണ് ഹരിത ബോധരഹിതയാവുകയും ലണ്ടന്‍ കിംഗ്സ് ഹോസ്പിറ്റലില്‍ തന്നെ പ്രവേശിപ്പിക്കുകയും ചെയ്ത്. ഹരിത ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, നിരവധി മലയാളി നഴ്സുമാരുടെ ഒരു വലിയ സംഘം തന്നെ ഹരിതയ്ക്ക് ആശ്വാസമേകുവാനായി ആശുപത്രിയില്‍ ഇപ്പോഴുണ്ട്. ആശുപത്രിയിലെ മലയാളി നഴ്സുമാരായ മിനി, ഷീല, ഐസിയു ലീഡ് നഴ്സായ ജൂലി തുടങ്ങിയവരെല്ലാം അവിടെയുണ്ട്. ലണ്ടന്‍ കിംഗ്സ് ആശുപത്രിയിലെ ഒരു നഴ്സ് തന്നെയാണ് ലീവെടുത്ത് ഇപ്പോള്‍ ഹരിതയ്ക്ക് കൂട്ടിരിക്കുന്നത്. പലപ്പോഴും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാലാഖമാരാണ് മലയാളി നഴ്സുമാരെന്ന് പറയുമ്പോള്‍ ഇതുപോലുള്ള സാഹചര്യങ്ങളിലാണ് അതു തിരിച്ചറിയുന്നത്. മലയാളി നഴ്സുമാരെ കൂടാതെ, മറ്റനേകം സുഹൃത്തുക്കളും ഹരിതയ്ക്ക് എല്ലാവിധ സഹായങ്ങളും ആശ്വാസവും പകരാന്‍ ഒപ്പമുണ്ട്. അതേസമയം, ആനന്ദിന്റെ മൃതദേഹം മാറ്റിയിട്ടുണ്ട്.

തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ.ജി നാരായണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഭാര്യ ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്. നാട്ടില്‍ പ്രായമായ അച്ഛനും ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ് വിശ്രമിക്കുന്ന അമ്മയും വിവാഹിതയായ ഒരു സഹോദരിയും മാത്രമാണ് ആനന്ദിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: