CrimeNEWS

വിഷം കൊടുത്ത് കൊല്ലുന്നതിന് മുമ്പ് കിടക്കപങ്കിട്ടു; ഗ്രീഷ്മ ‘അക്കാര്യം’ ഗൂഗിളില്‍ തിരഞ്ഞതെന്തിന്?

തിരുവനന്തപുരം: കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍ പൂര്‍ത്തിയായി. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്.

ഗ്രീഷ്മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കൊലപാതകം നടത്താനായി ആദ്യം ജ്യൂസില്‍ വിഷം കലര്‍ത്തിയ ശേഷം ഗ്രീഷ്മ ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോണ്‍ കുടിക്കാന്‍ തയ്യാറായില്ല. ജ്യൂസിന് കയ്പ്പായതിനാലാണ് ഷാരോണ്‍ ഉപയോഗിക്കാതിരുന്നത്.

Signature-ad

പിന്നീട് ഗ്രീഷ്മ ചില ഗുളികകളുടെ വിവരം ഗൂഗിളില്‍ തിരഞ്ഞെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പനിയായതിനാലാണ് പാരസെറ്റാമോളിനെ കുറിച്ച് തിരഞ്ഞതെന്നാണ് പ്രതിഭാഗം വാദിച്ചത്. കഷായത്തില്‍ വിഷം കലര്‍ത്തിയതിന് ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മയാണ്. ഇരുവരും ഗ്രീഷ്മയുടെ വീട്ടില്‍വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം ഗ്രീഷ്മ ശുചിമുറിയിലേക്ക് പോയപ്പോള്‍ ഷാരോണ്‍ കഷായം കുടിച്ച് വീട്ടില്‍ നിന്ന് പോയി എന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

എന്നാല്‍ ഫോറന്‍സിക് തെളിവുകളും ഡിജിറ്റല്‍ തെളിവുകളും പ്രതിക്ക് എതിരാണെന്നും കുറ്റം തെളിഞ്ഞതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 2022 ഒക്ടോബര്‍ പത്തിനാണ് ഷാരോണ്‍ രാജ് വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായത്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ഷാരോണ്‍ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോണ്‍ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസില്‍ നിര്‍ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: