
ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൺസൂർ ഓടി രക്ഷപ്പെട്ടു. നാട്ടുകാരെ വിവരം അറിയിച്ചത് മൺസൂറാണ്. ഇയാളുടെ പരുക്കു ഗുരുതരമല്ല. അമർ ഇലാഹിയുടെ മൃതദേഹം തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉച്ചക്ക് 3 മണിയോടെയാണു സംഭവം നടന്നത്. വനത്തിന് അടുത്താണ് അമർ ഇലാഹിയുടെ വീട്. വനത്തോട് ചേർന്ന മേഖലയാണ് മുള്ളരിങ്ങാട്. രണ്ട് വർഷമായി ആന ശല്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ സോളർ ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ നടക്കുകയാണെന്നു വനം വകുപ്പ് പറയുന്നു. കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലുള്ള ഭാഗമാണിത്. നേരത്തെ ആനകൾ പതിവായി കൃഷി നശിപ്പിച്ചിരുന്നു. ആളെ ആക്രമിക്കുന്നത് ആദ്യമായാണ്. കോതമംഗലത്തോട് ചേർന്നുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. പെരിയാർ നദിയിലൂടെ നേര്യമംഗലം റെയ്ഞ്ചിലേക്ക് ആനകളെ കടത്തി വിട്ടിരുന്നു എന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്.
പ്രദേശത്തുനിന്ന് ആനകളെ തുരത്തുന്ന വനം വകുപ്പിന്റെ ദൗത്യം നടന്നിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ജനവാസമേഖയിൽനിന്ന് ആനകളെ താൽക്കാലികമായി മാറ്റുക മാത്രമാണ് ചെയ്തത്. ഫെൻസിങ് പൂർത്തിയാകുമ്പോൾ ജനവാസ മേഖലയിൽനിന്ന് ആനകളെ തുരത്താമെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. ആനശല്യം കാരണം വൈകിട്ട് 5 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ഈ പ്രാദേശങ്ങളിൽ.