കോടതി ജീവനക്കാരിയുടെ പരാതിയിൽ ആരോപണ വിധേയനായ ജുഡീഷ്യൽ ഓഫീസർ എം സുഹൈബ് ഒടുവിൽ പുറത്തേക്ക്. ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ സാന്നിധ്യത്തിൽ ചേർന്ന അടിയന്തര യോഗമാണ് നടപടി തീരുമാനിച്ചത്. ഇന്നലെ രാത്രി തന്നെ ഉത്തരവ് ഇറങ്ങി.
അഡീഷണൽ ജില്ലാ കോടതി ജീവനക്കാരിയെ സ്വന്തം ചേംബറിൽ വച്ച് ജഡ്ജി കടന്നുപിടിച്ചു എന്നാണ് പരാതി. ജീവനക്കാരി ഔദ്യോഗികമായി പരാതി നൽകിയില്ലെങ്കിലും വിവരം പുറത്ത് അറിഞ്ഞതോടെ ജീവനക്കാർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ഇതോടെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ ചേംബറിൽ വിളിച്ചു വരുത്തപ്പെട്ട ജഡ്ജി ജീവനക്കാരിയോട് മാപ്പ് പറഞ്ഞ് വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും ഈ വിവരം പുറത്ത് വന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതിയായി.
തൊട്ടുപിന്നാലെ റിപ്പോർട്ട് ആവശ്യപ്പെട്ട ഹൈക്കോടതി ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി തീരുമാനിച്ചത്. ജുഡീഷ്യൽ ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതര തെറ്റാണെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു.