രാജ്യവ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ നടത്തി കോടികൾ തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവൻ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കൊൽക്കത്ത സ്വദേശിയായ ലിങ്കൺ ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും എന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന ഭീഷണിപ്പെടുത്തി കൊച്ചി കാക്കനാട് സ്വദേശി ബെറ്റി ജോസഫ് എന്ന വീട്ടമ്മയിൽ നിന്ന് 4 കോടി രൂപ തട്ടിയെടുത്ത കേസിലാണ് നിർണായക അറസ്റ്റ്.
കേസിന്റെ വിവരങ്ങൾ ഇപ്രകാരമാണ്: പരാതിക്കാരിയായ ബെറ്റി ജോസഫിനെ ഡൽഹിയിലെ ഐസിഐസിഐ ബാങ്കിൽ അവരുടെ പേരിൽ മറ്റൊരാൾ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും, ആ അക്കൗണ്ടിലൂടെ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും ലഹരി-മനുഷ്യക്കടത്തും നടത്തുന്നുണ്ടെന്നും വിശ്വസിപ്പിച്ചു. തുടർന്ന് അക്കൗണ്ടിലുള്ള പണം നിയമപരമാണോ എന്ന് പരിശോധിക്കണമെന്നും, പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തു.
ബെറ്റി ജോസഫിനെ ഇക്കാര്യങ്ങൾ പൂർണമായി വിശ്വസിപ്പിച്ച ശേഷം, അക്കൗണ്ടിലുള്ള മുഴുവൻ പണവും തങ്ങൾ നൽകുന്ന അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഈ തന്ത്രപരമായ സമീപനത്തിലൂടെ പ്രതി 4 കോടി രൂപ തട്ടിയെടുത്തു.
ഈ കേസിൽ നേരത്തെ അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശികളിൽ നിന്നാണ് മുഖ്യ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് കൊൽക്കത്ത പൊലീസുമായി സഹകരിച്ച് നടത്തിയ നീക്കത്തിലാണ് ബംഗ്ലാദേശ് അതിർത്തിയോട് അടുത്ത കൃഷ്ണഗഞ്ചിൽ നിന്ന് ലിങ്കൺ ബിശ്വാസിനെ പിടികൂടിയത്.
തട്ടിപ്പിന് കേരളത്തില്‍ നിന്നുള്ള പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു
ഇതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടിയത്. ഇവരാണ് തട്ടിപ്പ് സംഘത്തിനായി ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയത്.കഴിഞ്ഞ 17നാണ് കൊച്ചി സൈബർ പൊലീസ് കൊല്‍ക്കത്തയില്‍ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗ്ലാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
രാജ്യത്തെ വിവിധയിടങ്ങളില്‍ നടന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരനായ ഇയാള്‍ യുവമോർച്ച നേതാവ് കൂടിയാണ്. യുവമോർച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡൻ്റായ ഇയാള്‍ക്ക് കംബോഡിയയിലെ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്നും സൈബർ പൊലീസ് കണ്ടെത്തി.പിടിയിലായ ബിശ്വാസ് ബംഗാളിന്റെ മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ്.
ഈ കണ്ടെത്തലുകൾ സൈബർ കുറ്റകൃത്യങ്ങളുടെ വലിയൊരു ശൃംഖലയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സൈബർ പൊലീസ് എസിപി മുരളിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.