തൃശൂര്‍: ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആഘോഷത്തെ പരോക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മിലിത്തിയോസ്.
‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ’- എന്നും യൂഹാനോന്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ക്രിസ്മസ് വിരുന്ന് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നാടകമെന്ന് യൂഹാനോന്‍ മിലിത്തിയോസ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു ഭാഗത്ത് പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നതായി കാണിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് ആര്‍എസ്എസിന്റെ സംഘടനകള്‍ പുല്‍ക്കൂടും അലങ്കാരങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. വലിയ പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ് സഭാ നേതാക്കളെ താല്‍ക്കാലികമായി പ്രീതിപ്പെടുത്തുന്നതെന്നും’- യൂഹാനോന്‍ മിലിത്തിയോസ് മീഡിയവണിനോട് പറഞ്ഞു.
ഡല്‍ഹിയിലെ സിബിസിഐയുടെ (കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുത്തത്.