KeralaNEWS

പ്രശസ്ത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. തിങ്കളാഴ്ച 6.30-ഓടെ മുംബൈയിലെ വോക്കാര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണവിവരം മകള്‍ പിയ ബെനഗല്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഡിസംബര്‍ 14-ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ആഘോഷിച്ചിരുന്നു.

അങ്കുര്‍ (1973), നിശാന്ത് (1975), മന്ഥന്‍ (1976), ഭൂമിക (1977), മമ്മോ (1994), സര്‍ദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗല്‍ പ്രശസ്തനായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 1976-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും നല്‍കി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു.

Signature-ad

1934 ഡിസംബര്‍ 14-ന് ഹൈദരാബാദില്‍, ഒരു കൊങ്കണി സംസാരിക്കുന്ന കുടുംബത്തിലാണ് ശ്യാം ബെനഗല്‍ ജനിച്ചത്. കര്‍ണാടക സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് ശ്രീധര്‍ ബി. ബെനഗല്‍ ഒരു ഫോട്ടോഗ്രാഫറായിരുന്നു. വെറും 12 വയസ്സുള്ളപ്പോള്‍, അച്ഛന്‍ സമ്മാനിച്ച ക്യാമറ ഉപയോഗിച്ചാണ് ശ്യാം തന്റെ ആദ്യ സിനിമ ചിത്രീകരിക്കുന്നത്. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിച്ചാണ് സിനിമയിലെ തന്റെ മഹത്തായ യാത്രയുടെ തുടക്കം കുറിക്കുന്നത്.

1959-ല്‍ ബോംബെ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്റര്‍ ആയിട്ടാണ് ബെനഗലിന്റെ ജോലിയുടെ തുടക്കം. ക്രമേണ അദ്ദേഹം ഈ സ്ഥാപനത്തിന്റെ ക്രിയേറ്റീവ് തലവനായി ഉയര്‍ന്നു. 1962-ല്‍ ആദ്യ ഡോക്യുമെന്ററി ചിത്രം നിര്‍മിച്ചു. അദ്ദേഹത്തിന്റെ ഫീച്ചര്‍ ചിത്രമിറങ്ങാന്‍ പിന്നെയും ഒരു ദശാബ്ദമെടുത്തു. 1963-ല്‍ കുറച്ചു കാലം മറ്റൊരു പരസ്യകമ്പനിയുമായി ജോലിചെയ്തു. ഈ കലയളവില്‍ ഡൊക്യുമെന്ററികളും പരസ്യ ചിത്രങ്ങളുമടക്കം 900 ചിത്രങ്ങള്‍ ചെയ്തു.

1966 മുതല്‍ 1973 വരെയുള്ള കാലത്ത് ബെനഗല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യപകനായി സേവനമനുഷ്ടിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി രണ്ട് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു. 1974-ലാണ് ആദ്യത്തെ ഫീച്ചര്‍ ഫിലിം അങ്കുര്‍ പുറത്തിറങ്ങുന്നത്. തുടര്‍ന്ന് നിഷാന്ത്, ഭൂമിക, മന്ഥന്‍, മേക്കിങ് ഓഫ് ദി മഹാത്മ, നേതാജി സുഭാഷ് ചന്ദ്രബോസ്- ദി ഫോര്‍ഗോട്ടണ്‍ ഹീറോ, സമര്‍ തുടങ്ങി ചരിത്രത്തില്‍ ഇടംനേടിയ ഒരുപിടി ചിത്രങ്ങള്‍. മിക്ക ചിത്രങ്ങള്‍ക്കും ദേശീയ- അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: