തിരുവനന്തപുരം: എം.സി റോഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു. കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പൊലീസിന്റെ ജീപ്പിടിക്കുകയായിരുന്നു. കടയ്ക്കലില്‍ നടന്ന പരിപാടിയ്ക്ക് ശേഷം മുഖ്യന്ത്രി തിരിച്ച് വരുന്നതിനിടെയാണ് വെഞ്ഞാറമൂടില്‍ വച്ച് അപകടം ഉണ്ടായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിലുള്ള കമാന്‍ഡോ വാഹനത്തിലാണ് പള്ളിക്കല്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പ് ഇടിച്ചത്. മുന്നില്‍ പോയ വാഹനങ്ങള്‍ നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടം നടന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ മുഖ്യമന്ത്രി യാത്ര വീണ്ടും തുടര്‍ന്നു.
കഴിഞ്ഞ ഒക്ടോബറിലും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ എം സി റോഡില്‍ വച്ച് കൂട്ടിയിടിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം സഡന്‍ ബ്രേക്കിട്ടത്തോടെയാണ് അന്ന് അപകടത്തില്‍പ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച കാറും കൂട്ടിയിടിയില്‍പ്പെട്ടിരുന്നു. ആര്‍ക്കും പരിക്കില്ല. വാമനപുരം പാര്‍ക്ക് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുഖ്യമന്ത്രി.
ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി ഇന്‍ഡിക്കേറ്ററിട്ട് സ്‌കൂട്ടര്‍ യാത്രക്കാരി തിരിയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വേഗത്തില്‍ എത്തിയത്. സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാനായി മുന്നിലുണ്ടായിരുന്ന ബൊലേറോ ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടു. തുടര്‍ന്ന് തൊട്ടുപിന്നാലെയെത്തിയ മുഖ്യമന്ത്രിയുടെ കാറടക്കം ബ്രേക്കിട്ടതോടെ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അന്ന് അപകടത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.