IndiaNEWS

വിവാഹിതരായ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ അലവന്‍സ്; സണ്ണി ലിയോണിന്റെ പേരില്‍ പ്രതിമാസം 1000 രൂപ വാങ്ങി യുവാവ്

റായ്പുര്‍: വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ അനര്‍ഹമായി പണം കൈക്കലാക്കി യുവാവ്. വീരേന്ദ്ര ജോഷി എന്ന യുവാവാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാള്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേരില്‍ അക്കൗണ്ടെടുത്താണ് പണം കൈക്കലാക്കിയത്. പ്രതിമാസം അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ആയിരം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്.

ബി.ജെ.പി സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജന എന്ന പദ്ധതി പ്രകാരമാണ് വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കുന്നത്. സണ്ണി ലിയോണിന്റെ പേരിലെടുത്ത ഒരു അക്കൗണ്ടില്‍ ഈ പദ്ധതി വഴി പണം ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.

Signature-ad

വീരേന്ദ്ര ജോഷിയാണ് ഈ അക്കൗണ്ടെടുത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പദ്ധതിയില്‍ അനര്‍ഹരായവര്‍ ഇത്തരത്തില്‍ പണം കൈപ്പറ്റുന്നുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്.

ഛത്തീസ്ഗഢിലെ താലൂര്‍ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംഭവം അന്വേഷിക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി വഴി പണം ലഭിക്കുന്ന 50% പേരും അനര്‍ഹരാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

Back to top button
error: