ഇടുക്കി: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കിയിലാണ് ദാരുണ സംഭവം നടന്നത്. തൊടുപുഴ മുട്ടത്തെ യുണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ 2 വിദ്യാര്‍ഥികളെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22), സൈബര്‍ സെക്യൂരിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലം തലവൂര്‍ മഞ്ഞക്കാല പള്ളിക്കിഴക്കേതില്‍ അക്സാ റെജി (18) എന്നിവരെയാണ് വൈകിട്ട് അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നു കണ്ടെത്തിയത്. കോളജില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം.
ഡോണല്‍ ഷാജിയെ വെള്ളച്ചാട്ടത്തിലെ കയത്തില്‍ നിന്ന് വൈകിട്ട് 6.30നാണ് നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്നു തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും എത്തി കയത്തില്‍ നിന്നും 50 മീറ്റര്‍ താഴെനിന്നും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി. ഈ തിരച്ചിലിലാണ് അക്‌സയെ കണ്ടെത്തിയത്. രാവിലെ മുതല്‍ ഇവരെ കാണാനില്ലെന്ന് സഹപാഠികള്‍ പറഞ്ഞിരുന്നു. രാവിലെ മുതല്‍ സഹപാഠികള്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഫോണുകളിലും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.
അതിനിടെ, ഇവിടെ കുളിക്കാനെത്തിയ പ്രദേശവാസികള്‍ ഫോണ്‍ കണ്ടെത്തി. ഇതോടെയാണ് അപകടവിവരം അറിയുന്നത്. വെള്ളച്ചാട്ടത്തിന് സമീപം ഇരുവരുടെയും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുളിക്കുന്നതിനിടെ അപകടത്തില്‍ പെട്ടതാണെന്നാണ് സൂചന. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നും രാവിലെ പോയത്. ഇരുവരുടെയും മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുത്തൊഴുക്കുള്ളതും നിരവധി കയങ്ങളുമുള്ള പ്രദേശമാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം.
ഇരുവരെയും കുറെ നേരം ഇവിടെ കണ്ടതായി ചിലര്‍ പറയുന്നു. എങ്ങനെയാണ് ഇവര്‍ വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് വ്യക്തമല്ല. തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തിയാണ് രണ്ട് മൃതദേഹങ്ങളും ഒടുവില്‍ പുറത്തെടുത്തത്.