Social MediaTRENDING

പാല് കൊടുത്ത കൈയ്ക്ക് കൊത്തിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ നടന്‍, അയാളാണോ അമ്മയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍?

1994 ല്‍ രൂപംകൊണ്ട, മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. ആ സംഘടനയ്ക്കുള്ളില്‍ നടക്കുന്ന വിഷയങ്ങളും അത് ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങനെ എത്തി എന്നുള്ള കാര്യങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. കേട്ടതും കണ്ടതും എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘ഒരു സംഘടന നല്ല രീതിയില്‍ നിലനില്‍ക്കണമെങ്കില്‍, കെട്ടുറപ്പുള്ളതാകണമെങ്കില്‍ അടിസ്ഥാനപരമായി വേണ്ടത് അതിന്റെ നേതൃസ്ഥാനത്തുള്ളവര്‍ നീതിബോധമുള്ളവരും നിര്‍ഭയരും നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം. ആ ആളുകളുടെ പ്രവൃത്തിയില്‍ ധാര്‍മികതയും ഉണ്ടായിരിക്കണം. അത്തരത്തിലുള്ള ആളുകളാണ് ഇനി വരേണ്ടത്. അങ്ങനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിര്‍ഭാഗ്യമെന്ന് പറയട്ടേ, ഈ പറഞ്ഞ ഗുണങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലര്‍ സംഘടനയുടെ തലപ്പത്ത് കയറിക്കൂടിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിനുള്ള പ്രധാന കാരണം. സിനിമാക്കാരുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസവും അതുതന്നെയാണ്.
അഞ്ഞൂറോളം പേരുള്ള സംഘടനയില്‍ പത്തോ പതിനഞ്ചോ പേര്‍ പ്രശ്‌നം സൃഷ്ടിച്ചാല്‍ അവരെ നിര്‍ദാക്ഷിണ്യം ഒഴിവാക്കിക്കൊണ്ട് സംഘടനയെ നയിക്കാന്‍ തക്കവണ്ണം പ്രാപ്തരായവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കില്‍ അമ്മയ്ക്ക് ഇപ്പോള്‍ മുഖത്തേറ്റ കളങ്കം കുറച്ചെങ്കിലും തുടച്ചുമാറ്റാമായിരുന്നു.’- അദ്ദേഹം പറഞ്ഞു.

Signature-ad

‘ഇടവേള എന്ന ചിത്രത്തില്‍ ഞാനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ഉണ്ടായിരുന്നു. അതില്‍ പ്രധാന വേഷം ചെയ്ത പയ്യനായിരുന്നു ബാബു. ഇടവേള എന്ന സിനിമ ഹിറ്റായില്ലെങ്കിലും, മറ്റ് വലിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധനേടിയില്ലെങ്കിലും ഇന്നസെന്റുമായുള്ള ബന്ധം ആ പയ്യനെ അമ്മ എന്ന സംഘടനയുടെ നേതൃത്വത്തില്‍ വരെ എത്തിച്ചു.

പിന്നീട് സംഘടനയില്‍ ഇടവേള ബാബുവിന്റെ ഒരു പൂണ്ട്് വിളയാട്ടമായിരുന്നു. ഗണേഷ് കുമാര്‍ സിനിമാമന്ത്രിയായിരിക്കുമ്പോള്‍ ഇടവേള ബാബുവിനെ കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാനായി നിയമിച്ചു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം. അവിടെ തീയേറ്റര്‍ ചാര്‍ട്ടിംഗ് ആയിരുന്നു ബാബുവിന്റെ പ്രധാന തൊഴില്‍.

കെഎസ്എഫ്ഡിസിക്ക് പത്ത് പതിമൂന്ന് തീയേറ്ററുകളുണ്ട്. നല്ല കളക്ഷന്‍ കിട്ടുന്ന തീയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ബാബുവിന്റെ അനുവാദം വേണം. തീയേറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീര്‍ ഒരിക്കല്‍ പറയുകയുണ്ടായി, ആ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ ബാബുവിന് കൈക്കൂലി കൊടുത്തേ പറ്റുമെന്ന്. തനിക്ക് പറ്റിയ അബദ്ധമാണ് ബാബുവിന് പോസ്റ്റ് കൊടുത്തതെന്ന് ഗണേഷ് കുമാറും പറയുകയുണ്ടായി. പാല് കൊടുത്ത കൈക്ക് തന്നെ ബാബു കൊത്തിയെന്ന് ഗണേഷിന്റെ പ്രസ്താവനയും വന്നു.’- അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അമ്മ സംഘടനയില്‍ മെമ്പര്‍ഷിപ്പിനായുള്ള അപേക്ഷ പൂരിപ്പിച്ച് ഇടവേള ബാബുവിന് കൊടുത്തെങ്കിലും, മെമ്പര്‍ഷിപ്പ് കിട്ടിയില്ല. എന്നാല്‍, ഒരു ചിത്രത്തില്‍ മാത്രം അഭിനയിച്ച ദുബായിലെ വലിയ ബിസിനസുകാരന് മെമ്പര്‍ഷിപ്പ് കൊടുത്തെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരുപാട് വേഷങ്ങളില്‍ അഭിനയിച്ച പലരും അപേക്ഷയും നല്‍കി കാത്തിരിപ്പുണ്ട്. ഇത്തരത്തില്‍ നിരവധി പേര്‍ ക്രിക്കറ്റ് ടീമിലും കയറിപ്പറ്റി. ബാബുവിന്റെ ഇത്തരം അധാര്‍മിക പ്രവൃത്തിക്കെതിരെ ആരും ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

നടിമാര്‍ക്കാണെങ്കില്‍ പണമില്ലെങ്കിലും മെമ്പര്‍ഷിപ്പ് കൊടുക്കാം. മറ്റ് ചില സഹകരണങ്ങള്‍ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍വതി തിരുവോത്തിനെപ്പോലുള്ള ധീരവനിതകളെ സംഘടനയുടെ മുന്‍നിരയില്‍ കൊണ്ടുവരണമെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: