തിരുവനന്തപുരം: തോമസ് കെ. തോമസിനെ മന്ത്രി ആക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന് എന്‍സിപി നേതൃത്വം . പി.സി ചാക്കോയും തോമസ് കെ. തോമസും ശരദ് പവാറുമായി ചര്‍ച്ച നടത്തും. പവാറിനെ കൊണ്ട് മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താന്‍ നീക്കം.
അതേസമയം, മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ ശരദ് പവാര്‍ ഇതുവരെ നിര്‍ദേശിച്ചിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. പകരം സംസ്ഥാന അധ്യക്ഷ പദവി അദ്ദേഹം ആവശ്യപ്പെടുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
എന്‍സിപിയിലെ ഒരു വിഭാഗം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവര്‍ത്തിക്കുന്നുണ്ട്. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത് നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എന്നാല്‍ കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.