”എല്ലാ പെണ്‍കുട്ടികളും നേരിടുന്ന ആ പ്രശ്നം എനിക്കുണ്ട്! കല്യാണം കഴിഞ്ഞാലും ഉമ്മച്ചി ഇപ്പോഴും പിച്ചും”
നാലഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ബേസില്‍ ജോസഫിന് ഒപ്പം സൂക്ഷമദര്‍ശിനി എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. സിനിമയില്‍ വേറിട്ട പ്രകടനം കാഴ്ചവെക്കാനും നടിയ്ക്ക് സാധിച്ചു.
എന്നാല്‍ ഇപ്പോഴും കുട്ടിക്കളി മാറാത്ത പെണ്‍കുട്ടിയാണ് നസ്രിയ എന്നാണ് പൊതു അഭിപ്രായം. സിനിമയുടെ പ്രൊമോഷനുമായി നസ്രിയ നല്‍കിയ അഭിമുഖങ്ങളില്‍ സംസാരിച്ചതൊക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി.
‘സ്ഥിരം ഒരുപോലെയുള്ള കഥാപാത്രം ചെയ്‌തെന്നോ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തോന്നിയിട്ടില്ലെന്നാണ് നസ്രിയ പറയുന്നത്. കഥാപാത്രങ്ങള്‍ ഒരേപോലെയുള്ളതാണെന്നും തോന്നിയിട്ടില്ല. ക്യൂട്ട് എന്നൊക്കെ ആള്‍ക്കാര്‍ പറയാറുണ്ട്. സൂക്ഷ്മദര്‍ശിനി അത്തരത്തില്‍ ഏറെ വ്യത്യസ്തത ഉള്ള കഥാപാത്രമാണല്ലോ. ഈ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് ഉണ്ട്. നമ്മള്‍ കാണുന്ന ഓരോരുത്തരും അടുത്ത വീട്ടിലെ ആളുകള്‍ തന്നെയല്ലേ? അവരെല്ലാം വ്യത്യസ്തമല്ല. അപ്പോള്‍ പിന്നെ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജില്‍ പ്രശ്നമൊന്നും ഇല്ലല്ലോ. അങ്ങനെ പലതരത്തിലുള്ള അടുത്ത വീട്ടിലെ കുട്ടിയാവാന്‍ എനിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിശ്വാസം.
കുട്ടിക്കളി മാറാത്തതിന് എനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ചൊക്കെ കിട്ടാറുണ്ട്. ഉമ്മ എന്റെ കല്യാണമൊക്കെ കഴിഞ്ഞ് വലിയ കുട്ടിയായി എന്ന് ഇടയ്ക്കിടെ ഉമ്മച്ചിയെ ഓര്‍മിപ്പിക്കാറുണ്ട്. ഞാന്‍ സീരിയസ് ആയാല്‍ ഭയങ്കര സീരിയസാണ്. കുട്ടിക്കളി മാറാത്തതിന് ഇപ്പോള്‍ വഴക്ക് ഒന്നുമില്ല. പിന്നെ എല്ലാ അമ്മമാരെയും പോലെ മുടി വെട്ടുന്നതിനൊക്കെ ഉമ്മ വഴക്ക് പറയാറുണ്ട്. അത് പിന്നെ എല്ലാ പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നമല്ലേ,’ എന്നും നസ്രിയ ചോദിക്കുന്നു.
സിനിമയില്‍ നിന്നും ഇടവേള എടുത്ത് കാലത്തെക്കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ‘സിനിമയെ മിസ്സ് ചെയ്യുന്ന സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. നന്ദി ചെറിയ പ്രായത്തില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയതാണ്. വിവാഹത്തിനുശേഷം മാറിനിന്ന സമയത്തും സിനിമ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. പ്രൊഡക്ഷന്റെ ഭാഗമായും പിന്നെ ഫഹദിന്റെ സിനിമകളുമായും എന്നും കൂടെ ഉണ്ടായിരുന്നു. ഇടയ്ക്ക് ട്രാന്‍സിലൂടെ അഭിനയത്തിലും വന്നുപോയി.
എപ്പോഴും നസ്രിയയെ കാണുന്ന പോലത്തെ കഥാപാത്രങ്ങള്‍ ചെയ്യാതെ നല്ല കഥകളുടെ ഭാഗമാവണമെന്ന ആഗ്രഹമാണ് തന്റെ ഇടവേളയ്ക്ക് കാരണം. അല്ലാതെ സിനിമ ചെയ്യാത്ത ഒരു ജീവിതം ഉണ്ടാവും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോഴുള്ള ഈ സ്റ്റേജില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഞാന്‍ വിശ്വസിക്കുന്ന കഥകള്‍ ചെയ്ത് എനിക്കും എനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി സമയം കണ്ടെത്തി അങ്ങനെ ഒരു ജീവിതം ഇപ്പുറത്ത് നന്നായി പോകുന്നുണ്ട് അതുകൊണ്ട് നൂറ് ശതമാനം തന്നെ ഞാന്‍ ഹാപ്പിയാണെന്ന്’ നസ്രിയ കൂട്ടി ചേര്‍ത്തു.