KeralaNEWS

കേന്ദ്രസമീപനം നിരാശാജനകം, രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിക്കുന്നത് ശരിയല്ല; പാര്‍ലമെന്റിന് മുന്നില്‍ കേരളാ എംപിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. ‘കേരളം ഇന്ത്യയിലാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ്എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിച്ചത്. കേന്ദ്രസമീപനം നിരാശാജനകമാണെന്നും രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്നും വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള രാഷ്ട്രീയ സമീപനം അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

പലതവണ ആവശ്യപ്പെട്ടിട്ടും ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കുന്നില്ലെന്ന് പ്രിയങ്കഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പാക്കേജ് വേണമെന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. ഹിമാചലില്‍ പ്രകൃതി ദുരന്തമുണ്ടായപ്പോഴും കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടിടത്തും ദുരിതബാധിതര്‍ക്ക് സഹായം നിഷേധിച്ചു.

Signature-ad

വയനാട്ടിലെ നാശനഷ്ടം രാജ്യം കണ്ടതാണ്. പ്രകൃതി ദുരന്തങ്ങളുണ്ടായി വേദന അനുഭവിക്കുന്ന ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രീയം മാറ്റിവച്ച് പ്രധാനമന്ത്രി ജനങ്ങളുടെ സംരക്ഷകനാകണം. ഞങ്ങള്‍ വളരെ നിരാശരാണ്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ചു ദുരിതബാധിതരെ കണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുമെന്നാണ് പ്രതീക്ഷിച്ചത്. ഇപ്പോഴും ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ദുരിതബാധിതരോട് അനുഭാവപൂര്‍വം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാഷ്ട്രീയത്തിന് അതീതമായ കാര്യമാണെന്നും പ്രിയങ്ക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: