ആലപ്പുഴ: കസ്റ്റഡിയിലെടുത്തയാളെ മര്‍ദിച്ച് ചൊറിയണം (കൊടിത്തൂവ) തേച്ചെന്നുള്ള പരാതിയില്‍ ആലപ്പുഴ ഡിവൈ.എസ്.പി.ക്കും വിരമിച്ച എ.എസ്.ഐ.ക്കും തടവും പിഴയും ശിക്ഷ. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനും മുന്‍ എ.എസ്.ഐ. മോഹനനുമാണ് ഒരുമാസം തടവും 500 രൂപ പിഴയും വിധിച്ച് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജി ഷെറിന്‍ കെ. ജോര്‍ജ് ഉത്തരവായത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവനുഭവിക്കണം.
പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥന്റെ ഹര്‍ജിയിലാണ് ഉത്തരവ്. 2006 ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. മണപ്പുറത്തെ ചകിരിമില്ലുടമയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സിദ്ധാര്‍ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജീപ്പിനുള്ളില്‍വെച്ച് പോലീസ് സിദ്ധാര്‍ഥനെ നഗ്‌നനാക്കി മര്‍ദിക്കുകയും ചൊറിയണം തേച്ചെന്നുമായിരുന്നു പരാതി. അക്കാലത്ത് ചേര്‍ത്തലയിലെ എസ്.ഐ. ആയിരുന്നു മധുബാബു. മോഹനന്‍ എ.എസ്.ഐ.യും.
ഉത്തരവിനെത്തുടര്‍ന്ന് ഇരുവരും ജാമ്യമെടുത്ത് അപ്പീലിനായി നടപടി തുടങ്ങി. ഇരുഭാഗത്തുനിന്നുമായി ഡോക്ടര്‍മാരും പോലീസ് ഓഫീസര്‍മാരുമടക്കം 43 സാക്ഷികളെയാണു വിസ്തരിച്ചത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ ജോണ്‍ജൂഡ് ഐസക്, ജെറീന ജൂഡ് എന്നിവര്‍ ഹാജരായി.