സമൈറ ഹുല്ലൂർ എന്ന പെൺകുട്ടി 18-ാം വയസ്സിൽ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL) നേടി കർണാടകയുടെ അഭിമാനമായി മാറി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റാണ് ഈ 18 കാരി. കർണാടകയുടെ മാത്രമല്ല രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റുകളിൽ ഒരാളായും ഇടം നേടി കഴിഞ്ഞു വിജയപുര സ്വദേശിയായ ഈ മിടുക്കി.
ചെറുപ്പം മുതലേ ആകാശത്തിലൂടെ പറക്കണം എന്ന സമൈറയുടെ സ്വപ്നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. പി.യു.സി പഠനം പൂർത്തിയാക്കിയ ശേഷം ഡൽഹിയിലേക്ക് പോയി പൈലറ്റ് പരിശീലനം ആരംഭിച്ച സമൈറ, നിരവധി പരീക്ഷകളിൽ വിജയിച്ചുകൊണ്ട് ലക്ഷ്യത്തിലെത്തി. കർവാറിൽ നടന്ന പരിശീലനത്തിലും സമൈറ തിളങ്ങി.
സമൈറയുടെ നേട്ടത്തിൽ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും വലിയ ആഹ്ലാദത്തിലാണ്. ചെറുപ്പം മുതലേ സമൈറയെ പ്രോത്സാഹിപ്പിച്ചു വന്ന മാതാപിതാക്കൾക്ക് ഇത് വലിയ അംഗീകാരമാണ്. സമൈറയുടെ ഈ നേട്ടം കുടുംബത്തിന് മാത്രമല്ല, വിജയപുരയ്ക്കും കർണാടകയ്ക്കും അഭിമാനമാണെന്ന് പിതാവ് അമീൻ ഹുല്ലൂർ പ്രതികരിച്ചു.
ക്യാപ്റ്റൻ തപേഷ് കുമാറാണ് സമൈറയ്ക്ക് ഏറ്റവും പ്രചോദനമായത്. 25-ാം വയസിൽ പൈലറ്റായ അദ്ദേഹത്തിന്റെ ജീവിതകഥ തൻ്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചുവെന്ന് സമൈറ പറയുന്നു.
വലിയ വിമാനങ്ങൾ പറത്തുക എന്നതാണ് ഇനി ലക്ഷ്യം. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലേക്ക് പറന്ന് തന്റെ കരിയർ വളർത്തുക എന്നതാണ് സമൈറയുടെ ആഗ്രഹം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ എന്ത് നേട്ടവും കൈവരിക്കാം എന്നതിന് സമൈറ ഏറ്റവും വലിയ ഉദാഹരണമാണ്.