പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും വിവാഹം കഴിച്ച യുവാവും അറസ്റ്റില്‍. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയില്‍ വീട്ടില്‍ ആദിത്യന്‍ (21), പെണ്‍കുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. യുവാവിന്റെ അച്ഛനും അമ്മയുമാണ് മൂന്നും നാലും പ്രതികള്‍.
പെണ്‍കുട്ടിയുമായി രണ്ടുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. തുടര്‍ന്നാണ് അമ്മ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തത്. ഗര്‍ഭിണിയായപ്പോള്‍ ഇതു മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി. കൈനാടി സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പിന്നീട് ആദിത്യനുമായി പെണ്‍കുട്ടി പിണങ്ങി പിരിയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും ബാല വിവാഹനിരോധന നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തത്. നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനില്‍ക്കുകയും രക്ഷാകര്‍തൃത്വത്തില്‍നിന്നു മനഃപുര്‍വം ഒഴിവാകണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പെണ്‍കുട്ടിയെ യുവാവിനൊപ്പം അയച്ചതിനുമാണ് അമ്മയ്‌ക്കെതിരെ കേസ്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ആദിത്യന്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതിക്ക് കൈമാറും.