മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവായിരിക്കുന്നു. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസുകാരി ആദിത്യശ്രീ മരിച്ചത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആദിത്യശ്രീ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെയാണ് ഫോൺ പൊട്ടിത്തെറിച്ച് ദുരന്തം സംഭവിച്ചത്.
കോഴിക്കോട് മുക്കത്ത് സർവീസിനായി എത്തിച്ച മൊബെെൽ ഫോൺ ഷോപ്പിൽ വച്ച് പൊട്ടിത്തെറിച്ച് തീ പടർന്നത് അടുത്ത കാലത്താണ്. തൃശൂർ ചാവക്കാട് ഉറങ്ങി കിടന്ന യുവാവിന്റെ ഫോൺ പൊട്ടിത്തെറിച്ച് ബഡ്ഡിൽ തീ പടർന്നത് ഈ ഫെബ്രുവരിയിലാണ്. തലനാരിഴയ്ക്കാണ് അന്ന് അപകടം വഴി മാറി പോയത്.
കഴിഞ്ഞ ദിവസം ഉടുപ്പിൻ്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് ദാരുണാന്ത്യം സംഭവിച്ചു. ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ അർജുനി മോർഗാവ് താലൂക്കിലെ ജില്ലാ പരിഷത്ത് സ്കൂളിലെ ഹെഡ്മാസ്റ്ററായ സുരേഷ് സംഗ്രാം (54) ആണ് മരിച്ചത്.
സുരേഷും അദ്ദേഹത്തിന്റെ ബന്ധു നത്തു ഗൈക്വാദും (65) ബന്ധറ ജില്ലയിലെ സകോളി എന്ന സ്ഥലത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബൈക്കിൽ പോകുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. സ്വന്തം നാടായ ശിരേഗാവ്ബന്ദ് തോല എന്ന സ്ഥലത്തു നിന്ന് പുറപ്പെട്ട ഉടനെ ഷർട്ടിന്റെ പോക്കറ്റിലിട്ടിരുന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.
”സുരേഷ് സംഗ്രാമിന്റെ നെഞ്ചിന്റെ ഇടതുഭാഗത്തും ഇടത് കയ്യിലും ഗുരുതരമായ പൊള്ളലേറ്റിരുന്നു. മൊബൈൽ ഫോൺ പൂർണമായും തകർന്നു. പ്ലാസ്റ്റിക് കവർ ഉരുകി അദ്ദേഹത്തിന്റെ ഇടത് കൈയിൽ ഒട്ടിപ്പിടിച്ചു. ഫോൺ കുറച്ച് മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒരു കമ്പനിയുടേതായിരുന്നു.” സകോളി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സഞ്ജയ് ഗൈക്വാദ് പറഞ്ഞു.
സ്ഫോടനത്തിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞാണ് ഒപ്പമുണ്ടായിരുന്ന നത്തുവിന് പരിക്കേറ്റത്. ഇരുവരെയും സകോളിയിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സുരേഷ് സംഗ്രാം മരിച്ചിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക, മൊബൈൽ ഫോൺ സുരക്ഷ
മൊബൈൽ ഫോണുകളുടെ സുരക്ഷ പാലിക്കുന്നതിൽ പലരും അശ്രദ്ധ പുലത്തുന്നു. നല്ല നിലവാരമുള്ള ബാറ്ററികൾ മാത്രം ഉപയോഗിക്കുക, ഫോൺ ചൂടാകുന്നത് തടയുക, ഓറിജിനൽ ചാർജർ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം.
ബാറ്ററി പ്രശ്നങ്ങൾ, തെറ്റായ ചാർജിംഗ്, ഫോണിന്റെ ഉള്ളിലെ ഹാർഡ്‌വെയർ പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാൽ ഗുരുതരമായ പരിക്കുകൾ സംഭവിക്കാം. അതിനാൽ, മൊബൈൽ ഫോൺ സുരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അനാവശ്യ അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.