CrimeNEWS

അനാഥനെന്നും സൈന്യത്തില്‍ ജോലിയെന്നും വിശ്വസിപ്പിച്ചു; യുവതിയെയും വീട്ടുകാരെയും പാട്ടിലാക്കി 31കാരന്‍; വിവാഹ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് ഒന്‍പത് ലക്ഷം

ആലപ്പുഴ: സൈന്യത്തില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവാവ് തട്ടിയെടുത്തത് ഒന്‍പത് ലക്ഷം രൂപ. ആലപ്പുഴ സ്വദേശിയായ യുവതിയും കുടുംബവുമാണ് തട്ടിപ്പിന് ഇരയായത്. പാതിരപ്പള്ളി വടക്കേയറ്റത്ത് വീട്ടില്‍ വിഷ്ണു വി. ചന്ദ്രനെ(31)യാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ സൈന്യത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലിചെയ്യുകയാണെന്നു വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കി പണം തട്ടുക ആയിരുന്നു.

ഫെയ്‌സ്ബുക്കിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയപ്പെടുന്നത്. ആദ്യം നേവിയിലായിരുന്നെന്നും പിന്നീട് സൈന്യത്തിലേക്കു മാറിയെന്നും പറഞ്ഞാണ് അടുപ്പം കൂടിയത്. നേവിയുടെയും സൈന്യത്തിന്റെയും വേഷം ധരിച്ച് വീഡിയോ കോളും ചെയ്തതോടെ യുവതി ഇയാളെ വിശ്വാസത്തിലെടുത്തു. പതിയെ പതിയെ യുവതിയുടെ വീട്ടുകാരുമായും വീട്ടിലെ കുട്ടികളുമായും വരെ യുവാവ് അടുത്ത ബന്ധമുണ്ടാക്കി. തുടര്‍ന്ന് ഇയാള്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി.

Signature-ad

അനാഥനാണെന്നും ഒരാള്‍ എടുത്തുവളര്‍ത്തുകയായിരുന്നുവെന്നുമാണ് ഇയാള്‍ യുവതിയേയും വീട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഒന്‍പതു ലക്ഷം രൂപ യുവതിയില്‍നിന്നു കൈക്കലാക്കി. സ്വര്‍ണം പണയംവെച്ചാണ് യുവതി പണമയച്ചുകൊടുത്തത്. വിവാഹശേഷം നാട്ടില്‍ സ്ഥിരതാമസമാക്കാമെന്ന് യുവതിയെ വിശ്വസിപ്പിച്ചു.

നാട്ടിലേക്കു വരുന്നുണ്ടെന്നു പറഞ്ഞ് അയ്യായിരത്തിലധികം രൂപയുടെ വസ്ത്രങ്ങള്‍ ഇവരെക്കൊണ്ടു വാങ്ങിപ്പിച്ചു. പിന്നീട് ഇയാളുെട ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന്, യുവതിയുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പറിയുന്നത്. ഇയാള്‍ രണ്ടു വിവാഹം ചെയ്തിട്ടുണ്ടെന്നും കുട്ടിയുണ്ടെന്നും അവര്‍ കണ്ടെത്തി. മാതാപിതാക്കളുണ്ടെന്നും ബോധ്യമായി. തുടര്‍ന്ന്, പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈന്യത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലിചെയ്യുകയാണെന്നു പറഞ്ഞ് സ്വന്തം നാടായ പാതിരപ്പള്ളിയിലും നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇയാള്‍ക്കു സൈന്യവുമായി ഒരു ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡുചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: