CrimeNEWS

ട്രെയിനുകളില്‍ ഒറ്റയ്ക്കുള്ള യാത്രക്കാരെ നോട്ടമിട്ട് ബലാത്സംഗം; 30കാരന്റെ അറസ്റ്റ് തെളിയിച്ചത് നാല് കൊലപാതകങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 30കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് മറ്റ് നാല് കൊലപാതകങ്ങളും. ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി ട്രെയിനുകള്‍ കേന്ദ്രീകരിച്ച് നടന്ന കൊലപാതകങ്ങളിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. ഹരിയാനയിലെ രോഹ്തക് സ്വദേശിയായ രാഹുല്‍ കരംവീറാണ് ഈ കേസുകളിലെല്ലാം പ്രതി.

19കാരിയുടെ മരണത്തിന് പിന്നാലെ നടത്തിയ വ്യാപക തെരച്ചിലില്‍ നവംബര്‍ 24നാണ് രാഹുല്‍ പിടിയിലാകുന്നത്. 2000ത്തോളം സിസിടിവി ക്യാമറകളില്‍ നിന്നായി നിരവധി ദൃശ്യങ്ങള്‍ പൊലീസിന് തെളിവായി ലഭിച്ചിരുന്നു. ട്രെയിനുകള്‍ കേന്ദ്രീകരിച്ചാണ് രാഹുല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും കോച്ചുകളാണ് പ്രധാനലക്ഷ്യം. ഒറ്റയ്ക്കുള്ള യാത്രക്കാരെ തെരഞ്ഞുപിടിച്ച് നോട്ടമിടും. പിന്നീട് തക്കം കിട്ടുമ്പോള്‍ ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. ഇയാള്‍ക്കെതിരെ മോഷണക്കേസും നിലവിലുണ്ട്.

Signature-ad

റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമൊക്കെ മാറിമാറി താമസിക്കുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പ്രതിയെ ലോക്കല്‍-റെയില്‍വേ പൊലീസ് സംയുക്ത ഓപ്പറേഷനിലൂടെ കുടുക്കിയത്. ഗുജറാത്ത് കൂടാതെ കര്‍ണാടക, പശ്ചിമ ബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ കേസുകളുണ്ട്.

ഗുജറാത്തിലെ വത്സദ് ജില്ലയിലുള്ള ഉദ്വാദ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു പെട്ടിയില്‍ അസ്ഥികൂടം കണ്ടെത്തിയതാണ് രാഹുലിന്റെ കൊടുംക്രൂരതകള്‍ പുറത്ത് കൊണ്ടുവന്നതിന് വഴിവച്ചത്. നവംബര്‍ 14നായിരുന്നു ഈ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രാഹുല്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ രാഹുലിനെ കണ്ട പൊലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ അഡ്രസ് ഇല്ലാത്തതിനാല്‍ കണ്ടെത്താനായില്ല.

യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ രാഹുല്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് വരെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്ന് ശമ്പള കുടിശിക വാങ്ങി മടങ്ങും വഴിയാണ് രാഹുല്‍ 19കാരിയെ കാണുന്നതും കൊലപ്പെടുത്തുന്നതും. ഇതിന് മുമ്പും ശേഷവുമാണ് മറ്റ് കൊലപാതകങ്ങള്‍.

ഞായറാഴ്ച അറസ്റ്റിലാകുന്നതിന് തലേന്നാണ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു യുവതിയെ രാഹുല്‍ കൊലപ്പെടുത്തുന്നത്. ട്രെയിനില്‍ വെച്ച് മോഷണശ്രമത്തിനിടെ ആയിരുന്നു ഈ കൊലപാതകം. ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്റ്റേഷനിലും സമാനരീതിയില്‍ മറ്റൊരു യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷന് സമീപം കട്ടിഹാര്‍ എക്സ്പ്രസില്‍ ഒരു വയോധികനെ ഇയാള്‍ കുത്തിക്കൊന്നു. കര്‍ണാടകയിലെ മുള്‍കിയിലും ഇയാള്‍ക്കെതിരെ കൊലപാതകക്കേസുണ്ട്. മോഷണക്കേസില്‍ ഈ വര്‍ഷമാദ്യമാണ് ജോധ്പൂര്‍ ജയിലില്‍ നിന്ന് ഇയാള്‍ പുറത്തിറങ്ങുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: