കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ ഭാഗമായി 15 ആനകളുമായി കാഴ്ചശീവേലി നടന്നു. ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നള്ളിച്ചത്. ആനകളെ രണ്ട് നിരയായി നിര്‍ത്തിയാണ് ശീവേലി നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ തമ്മില്‍ മൂന്നു മീറ്ററിന്റെ അകലം ടേപ്പ് വെച്ച് അളന്ന് സ്ഥാനം തിട്ടപ്പെടുത്തിയത് അടിസ്ഥാനമാക്കിയാണ് ആനകളെ നിര്‍ത്തിയത്.
നേരത്തെ ആനപ്പന്തലില്‍ 15 ആനകള്‍ അണിനിരക്കാറുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവ് പരിഗണിച്ച് ആനപ്പന്തലില്‍ ആറ് ആനകളെ മാത്രമാണ് നിര്‍ത്തിയത്. ബാക്കി 9 ആനകളെ ആനപ്പന്തലിന് പുറത്ത് രണ്ടു വരിയായി നിര്‍ത്തിയാണ് ശീവേലി നടന്നത്. ക്ഷേത്രം വലംവെയ്ക്കുമ്പോഴും ആ അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
ആനകളും ആളുകളും തമ്മില്‍ അകലം സംബന്ധിച്ചും ഹൈക്കോടതി ഉത്തരവ് പ്രകാരം കര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എഴുന്നള്ളിപ്പ് സമയത്ത് വടം കെട്ടിയാണ് ആളുകളെ നിയന്ത്രിച്ചത്. ആന എഴുന്നള്ളിപ്പില്‍ ഇളവ് തേടി നല്‍കിയ ഹര്‍ജിയില്‍ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. 15 ആനകളെ തന്നെ എഴുന്നളളിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമെന്ന് കോടതി ചോദിച്ചു. മാര്‍ഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിര്‍ത്താവുന്ന ആനകളെ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.