CrimeNEWS

കുറുവാ ഭീതി മുതലെടുത്ത് യുവാക്കളുടെ സംഘം; നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും മോഷണം

എറണാകുളം: ആലങ്ങാട് നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കളുടെ സംഘം വീണ്ടുമെത്തി. രണ്ടു ദിവസങ്ങളിലായി യുസി കോളജ്, കടൂപ്പാടം, തടിക്കക്കടവ്, സെമിനാരിപ്പടി തുടങ്ങിയ പ്രദേശത്തെ ഒട്ടേറെ വീടുകളിലും പരിസര പ്രദേശത്തുമാണു മോഷ്ടാക്കളെത്തിയത്. 3 പേരടങ്ങുന്ന യുവാക്കളുടെ സംഘം പ്രദേശത്തെ പല വീടുകളിലും മോഷണത്തിനായി കയറി. കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും വീടുകളുടെ പുറത്തിരുന്ന സാധനങ്ങള്‍ കളവ് പോയിട്ടുണ്ട്. തൊട്ടടുത്ത പ്രദേശമായ കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ പള്ളി, ആലുവ ചീരക്കട ക്ഷേത്രം എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം മോഷണം നടന്നതിനു തൊട്ടു പിന്നാലെയാണു ഈ പ്രദേശത്തെ വീടുകളില്‍ മോഷ്ടാക്കളെത്തിയത്. അതിനാല്‍ ഒരു സംഘത്തില്‍പെട്ടവരാകാം ഇതിനു പിന്നിലെന്നാണു സംശയം.

രണ്ടു മാസം മുന്‍പു വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്തെ വീടുകളില്‍ നിന്നു ഇരുചക്ര വാഹനവും ബാറ്ററിയും മോഷണം പോകുന്നതു പതിവായിരുന്നു. തുടര്‍ന്നു 2 പ്രതികള്‍ പിടിയിലായതോടെ മോഷ്ടാക്കളുടെ ശല്യം കുറവായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ പ്രദേശത്തെ പല വീടുകളിലും മോഷ്ടാക്കളെത്തിയതോടെ ആളുകള്‍ വീണ്ടും ആശങ്കയിലാണ്.

Signature-ad

കുറുവാ സംഘത്തിന്റെ ഭീഷണിയുള്ളതിനാല്‍ വീട്ടുകാര്‍ ആരും രാത്രി പുറത്തിറങ്ങാറില്ല. ഇതു മുതലെടുത്താണു യുവാക്കളുടെ സംഘം മോഷണത്തിനെത്തിയതെന്ന സംശയമുണ്ട്. സമീപ പ്രദേശത്തെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളില്‍ നിന്നു വ്യാപകമായി പെട്രോള്‍ ഊറ്റുന്ന സംഘവും കരുമാലൂര്‍ ആലുവ മേഖല കേന്ദ്രീകരിച്ചു വിലസുന്നുണ്ട്. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് ആലങ്ങാട്, ആലുവ പൊലീസ് നടപടിയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: