CrimeNEWS

ജെയ്സിയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ് വഴി; ഗിരീഷും കാമുകിയും ചേര്‍ന്ന് കൊലപാതകം നടത്തിയത് 30 ലക്ഷത്തിനായി

കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ പ്രതികള്‍ കൊലപ്പെടുത്തിയത് മുപ്പതു ലക്ഷം രൂപയ്ക്കു വേണ്ടി. പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്‌സി ഏബ്രഹാമാണു(55) 17ന് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347എയില്‍ ഗിരീഷ് ബാബു (45), എരൂര്‍ കല്ലുവിള ഖദീജ (പ്രബിത 43) എന്നിവരെയാണു പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താറുള്ള ജെയ്‌സിക്ക് അടുത്തയിടെ വീട് വിറ്റു 30 ലക്ഷം രൂപയോളം ലഭിച്ച വിവരം പ്രതികള്‍ അറിഞ്ഞിരുന്നു. ജെയ്‌സി പുതിയ സ്വര്‍ണ വളകള്‍ വാങ്ങിയ വിവരവും ലഭിച്ചു. കടം ചോദിച്ചാല്‍ കിട്ടില്ലെന്ന് അറിയാവുന്നതു കൊണ്ടാണു കൊലപ്പെടുത്തി പണവും സ്വര്‍ണവും കവരാന്‍ ഇരുവരും തീരുമാനിച്ചത്.

പ്രതികള്‍ ഇരുവരും ഗൂഢാലോചന നടത്തി വന്‍ ആസൂത്രണത്തോടെയാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തി. ഗിരീഷ് ബാബുവാണു കൊല നടത്തിയത്. ഖദീജയ്ക്ക് എതിരെ ഗൂഢാലോചന കുറ്റമാണുള്ളത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സ്ഥാപനത്തില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ് ബാബു. ലോണ്‍ ആപ്പുകളില്‍ നിന്നു വായ്പയെടുത്തു ധൂര്‍ത്തടിച്ചു ജീവിക്കുന്ന ഗിരീഷിന്റെ 85 ലക്ഷം രൂപയിലേറെ വരുന്ന കടബാധ്യത തീര്‍ക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

Signature-ad

കിടപ്പുമുറിയില്‍ ഡംബെല്‍സ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കുളിമുറിയില്‍ വലിച്ചു കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നു പൊലീസ് പറയുന്നു. ഗിരീഷ് ബാബുവിന്റെ കാമുകിയാണു ഖദീജ. ഇരുവരുടെയും സുഹൃത്താണു കൊല്ലപ്പെട്ട ജെയ്‌സി. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ് വഴി ജെയ്‌സിയെ ബന്ധപ്പെട്ടു ഫ്‌ലാറ്റില്‍ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ചാണു ഖദീജയെ പരിചയപ്പെടുന്നത്. ആവശ്യക്കാര്‍ക്ക് ഇത്തരത്തില്‍ സ്ത്രീകളെ എത്തിച്ചു നല്‍കുന്ന ഏജന്റ് ആയിരുന്നു ജെയ്‌സി. ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി.

17ന് രാവിലെ 10.20നാണു ഗിരീഷ് ബാബു അപ്പാര്‍ട്‌മെന്റില്‍ എത്തിയത്. സിസിടിവിയിലൂടെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് എത്തിയത്. കൊലപാതകത്തിനു ശേഷം ജെയ്‌സിയുടെ 2 സ്വര്‍ണ വളകളും 2 മൊബൈല്‍ ഫോണുകളും കൈക്കലാക്കി ഫ്‌ലാറ്റ് പുറത്തു നിന്നു പൂട്ടിയ ശേഷമാണു പ്രതി കടന്നത്.

തൃക്കാക്കര എസിപി പി.എ.ബേബിയുടെ മേല്‍നോട്ടത്തില്‍ 15 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: