മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പഠോളെ രാജിവച്ചു. വിദര്‍ഭ മേഖലയില്‍ പാര്‍ട്ടിയിലേക്കു വോട്ടുകള്‍ വീഴ്ത്താന്‍ കെല്പ്പുള്ളയാളെന്നു പ്രതീക്ഷിച്ച പഠോളെ സ്വന്തം മണ്ഡലമായ സാകോലിയില്‍ വെറും 208 വോട്ടുകള്‍ക്കാണ് ജയിച്ചത്. ബിജെപിയുടെ അവിനാഷ് ആനന്ദറാവു ബ്രഹ്മാന്‍കര്‍ ആയിരുന്നു എതിരാളി. മത്സരിച്ച 103 സീറ്റുകളില്‍ ആകെ 16 ഇടത്തെ കോണ്‍ഗ്രസിന് ജയിക്കാനായുള്ളൂ.
ബാലസാഹബ് തൊറാട്ടിനു പകരക്കാരനായി 2021ലാണ് മുന്‍ എംപികൂടിയായ പഠോളെ മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിനായി. മത്സരിച്ച 17ല്‍ 13 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് കോണ്‍ഗ്രസായിരുന്നു. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ക്കായി പഠോളെയുടെ നേതൃത്വത്തില്‍ വാശിപിടിച്ചത് കോണ്‍ഗ്രസ് ശിവസേന (ഉദ്ധവ്) വിഭാഗക്കാര്‍ക്കിടയില്‍ അതൃപ്തി പടര്‍ത്തിയിരുന്നു. പഠോളെ ഉണ്ടെങ്കില്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് ഉദ്ധവ് വിഭാഗം എത്തില്ലെന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഫലം വരുന്നതിനു രണ്ടു ദിവസം മുന്‍പും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി അധികാരത്തില്‍ കയറുമെന്ന് അവകാശവാദം ഉയര്‍ത്തിയത് ഉദ്ധവ് വിഭാഗത്തിലെ സഞ്ജയ് റാവുത്ത് ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി നേതൃത്വം നല്കുന്ന മഹായുതി സഖ്യം 232 സീറ്റുനേടുകയും മഹാവികാസ് അഘാഡി സഖ്യം 50ല്‍ താഴെ എത്തുകയും ചെയ്തു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇതുവരെ ഇത്രയും താഴെപ്പോയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 44 സീറ്റുണ്ടായിരുന്നിടത്ത് ഇത്തവണ വെറും 16 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.