ഇടുക്കി: മറയൂരില്‍ താല്‍ക്കാലിക വാച്ചറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി. നാച്ചിവയല്‍ ചന്ദന റിസര്‍വിലെ വാച്ചര്‍ മാരിയപ്പനാണ് മര്‍ദ്ദനമേറ്റത്. ചന്ദന മോഷണത്തിന്റെ പേരില്‍ മാരിയപ്പനും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മാരിയപ്പനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടതിലെ വ്യാജ ആരോപണമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
മറയൂരില്‍ ഏറ്റവും അധികം ചന്ദനമരങ്ങള്‍ വളരുന്ന പ്രദേശമാണ് നാച്ചിവയല്‍. 24 മണിക്കൂറും കാവലുള്ള പ്രദേശം. ഇത് മറികടന്നാണ് കഴിഞ്ഞ ദിവസം നാല് ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചു കടത്തിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ നടന്ന മോഷണ കേസില്‍ പ്രതികള്‍ പിടിയിലായതിന് പിന്നാലെയാണ് വീണ്ടും ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയത്. വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ അകാരണമായി മര്‍ദിക്കുകയായിരുന്നെന്നാണ് മാരിയപ്പന്റെ പരാതി.
പരിക്കേറ്റ മാരിയപ്പന്‍ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ജോലിസമയത്ത് ചന്ദനമരങ്ങള്‍ മോഷണം പോയതില്‍ വിശദീകരണം തേടിയിരുന്നെന്നും മാരിയപ്പനെ പിരിച്ചു വിട്ടതിലെ വ്യാജ ആരോപണമെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. ചന്ദന സംരക്ഷണത്തില്‍ ഏര്‍പ്പെടുത്തിയ അശാസ്ത്രീയ പരിഷ്‌കാരങ്ങളാണ് മോഷണം വര്‍ധിക്കാന്‍ കാരണമെന്ന് വാച്ചര്‍മാരും ആരോപിക്കുന്നു. മാരിയപ്പനെ മര്‍ദ്ദിച്ചതില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.