ന്യൂഡല്‍ഹി: യുഎസ് കോടതിയില്‍ കുറ്റപത്രത്തില്‍ പേരു വന്നതിനു പിന്നാലെ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി രാജ്യം വിടുമോയെന്ന ചര്‍ച്ച സജീവം. കഴിഞ്ഞ ദിവസം സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ഇങ്ങനെയൊരു സംശയം ഉയരുന്നത്. അദാനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീടു നിര്‍മിക്കുന്നുവെന്നും ഒരു സഹോദരനെ ദുബായില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അദാനിയുടെ വ്യവസായ സാമ്രാജ്യത്തിനെതിരെ വന്‍ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്വാമിയുടെ കുറിപ്പും ചര്‍ച്ചയാകുന്നത്.
കുറിപ്പ് ഇങ്ങനെ: ”ഒരു പ്രവാസിയില്‍നിന്ന് അറിഞ്ഞ വിവരമിങ്ങനെ: അദാനി സ്വിറ്റ്‌സര്‍ലന്‍ഡിലാണ് വീടു പണിയുന്നത് ഇന്ത്യയിലല്ല. എന്തുകൊണ്ട്? ഒരു സഹോദരനെ ദുബായില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഇദ്ദേഹം പാക്ക് പൗരന്‍ ബാസര്‍ ഷെയൂബുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ പണം പതിയെ വിദേശത്തേക്കു മാറ്റുകയാണ്. ഇന്ത്യയെക്കുറിച്ച് അദാനിക്ക് യാതൊരു ചിന്തയുമില്ല. ട്രപ്പീസ് ആര്‍ട്ടിസ്റ്റ് ആണ് അദ്ദേഹം.”
അദാനിയെ ട്രപ്പീസ് ആര്‍ട്ടിസ്റ്റ് എന്നു വിശേഷിപ്പിച്ചതിലൂടെ, അദ്ദേഹത്തിന്റെ ഇടപാടുകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഇല്ലെന്ന മുന്നറിയിപ്പാണ് സ്വാമി നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നീരവ് മോദി, വിജയ് മല്യ എന്നിവരെപ്പോലെ രാജ്യം വിടാനുള്ള നീക്കത്തിലാണോ അദാനി എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.