കോട്ടയം: ആലപ്പുഴ പൊലീസ് പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് ശെല്‍വനെ ജൂണ്‍ ആദ്യവാരം ജില്ല പൊലീസും അറസ്റ്റ് ചെയ്തിരുന്നു. രാമപുരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലെത്തിയാണ് പൊലീസ് സംഘം ഇയാളടക്കം രണ്ടുപേരെ പിടികൂടിയത്. രാമപുരം പുതുവേലിയില്‍ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടന്ന വയോധികയുടെ 14 ഗ്രാം വരുന്ന 70,000 രൂപ വിലവരുന്ന വളകള്‍ വയര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തതാണ് കേസ്.
ആദ്യഘട്ടത്തില്‍ യാതൊരു തെളിവും കിട്ടാതെ അന്വേഷണസംഘം ബുദ്ധിമുട്ടി. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്നിന്ന് ജില്ലയിലെത്തി പല ഭാഗങ്ങളിലായി പല തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്ന ആളുകളാണ് മോഷണത്തില്‍ പിന്നിലെന്ന് പിന്നീട് മനസ്സിലായി. അവരില്‍ രണ്ടുപേരെ തമിഴ്നാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തതോടെ മോഷണസംഘം തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ചിന്നമന്നൂരിനടുത്ത് കാമാച്ചിപുരം എന്ന ഗ്രാമത്തില്‍നിന്ന് വന്നവരാണെന്ന് വ്യക്തമായി. മുന്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്, പാലാ ഡിവൈ.എസ്.പി കെ. സദന് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
തുടര്‍ന്ന് ചിന്നമന്നൂരില്‍നിന്ന് 11 കിലോമീറ്റര്‍ അകലെ കാമാക്ഷിപുരത്ത് എത്തിയപ്പോഴേക്കും പ്രതികള്‍ തിരുട്ടുഗ്രാമത്തിലേക്ക് കടന്നിരുന്നു. ഇവിടെയെത്തി പിടികൂടുക എളുപ്പമല്ലാത്തതിനാല്‍ പൊലീസ് വേഷം മാറി ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സന്തോഷ് തിരുട്ടുഗ്രാമത്തിന് പുറത്ത് ബിവറേജസ് ഷോപ്പിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടുന്നത്. ഉടന്‍ ഇയാളുമായി കോട്ടയത്തേക്കു മടങ്ങി. അന്നുതന്നെ വന്‍ സന്നാഹവുമായി തമിഴ്നാട്ടിലേക്കു തിരിച്ചു.
രണ്ടുദിവസം രാത്രിയും പകലുമായി പശുപതി, മാണിക്യം, അര്ജുന് തുടങ്ങിയ പ്രതികളുടെ വീടുകളില്‍ തിരച്ചില്‍ നടത്തുകയും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും യാത്ര ചെയ്യാന്‍ ഉപയോഗിച്ച ബൈക്കും കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ പിടികൂടാനായില്ലെങ്കിലും മോഷ്ടിച്ച സ്വര്‍ണം ചിന്നമന്നൂരിലെ കടയില്‍നിന്ന് കണ്ടെടുത്തു. പശുപതി ഒഴികെയുള്ളവരെ പിന്നീട് പിടികൂടിയിരുന്നു.
രാമപുരം, പാലാ, ചങ്ങനാശ്ശേരി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ കേസുണ്ട്. സന്തോഷ് തമിഴ്നാട്ടില്‍ വിവിധ സ്റ്റേഷനുകളിലായി മോഷണം ഉള്‍പ്പെടെ 60ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പാലാ, രാമപുരം, കോട്ടയം ഡി.എച്ച്.ക്യു എന്നിവിടങ്ങളില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ താമസിച്ചാണ് സന്തോഷും സംഘവും രാമപുരത്ത് മോഷണം നടത്തിയത്. ഇതിനിടെ ഇയാളുടെ ഭാര്യക്കും ഭാര്യയുടെ മാതാവിനും എതിരെ പള്ളിക്കത്തോട് പൊലീസ് ആക്രിമോഷണക്കുറ്റം രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇവര്‍ കൊച്ചിയിലേക്കു താമസം മാറിയത്. ജില്ല പൊലീസ് പ്രതികളെ അന്വേഷിച്ച് ആദ്യമെത്തിയത് കൊച്ചിയിലാണ്. ബന്ധു മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസും പിന്നാലെ തമിഴ്നാട്ടിലേക്കു പോകുകയായിരുന്നു. പകല്‍ മറ്റുജോലികളും രാത്രി മോഷണവുമാണ് സംഘത്തിന്റെ രീതി. സ്ത്രീകള്‍ ആക്രിപെറുക്കാനുമിറങ്ങും. ഒന്നിച്ച് നാട്ടില്‍നിന്ന് എത്തിയാലും ചെറിയ സംഘങ്ങളായാണ് ഓരോ സ്ഥലത്തും തമ്പടിക്കുക. രാമപുരത്തൊഴികെ മറ്റ് പലയിടങ്ങളിലും സംഘത്തിന്റെ ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍നിന്നു ലഭിച്ചിരുന്നു.