LIFELife Style

എ.ആര്‍ റഹ്‌മാന്റെ ആസ്തി 2000 കോടി; സൈറയ്ക്ക് നല്‍കേണ്ട ജീവനാംശം എത്രയായിരിക്കും?

ചെന്നൈ: ലോക പ്രശസ്ത സംഗീതജ്ഞന്‍ എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത ഈ മാസം 19നാണ് പുറത്തുവന്നത്. 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ദമ്പതികള്‍ വേര്‍പിരിയുന്നത്. ഇവരുടെ പെട്ടെന്നുള്ള വേര്‍പിരിയല്‍ ആരാധകരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ജീവിതം പ്രവചനാതീതമാണ് എന്ന ഓര്‍മപ്പെടുത്തലാണിത് എന്നാണ് ചിലര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഇപ്പോഴിതാ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ദമ്പതികള്‍ക്കായി സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുകയാണ് സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ. ജീവനാംശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവിധ ഭാഷകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുള്ള എആര്‍ റഹ്‌മാന്‍ സിനിമാ രംഗത്തെ തന്നെ ഏറ്റവും ധനികരില്‍ ഒരാളാണ്. ഓസ്‌കാര്‍ ജേതാവ് കൂടിയായ അദ്ദേഹത്തിന് ഏകദേശം 1,728 മുതല്‍ 2000 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് വിവരം. ഭാര്യ ജീവനാംശം ആവശ്യപ്പെട്ടാല്‍ അതിന്റെ പകുതി അവര്‍ക്ക് നല്‍കേണ്ടി വരും. ആ ഘട്ടത്തില്‍ അവര്‍ എത്തിയിട്ടില്ല. ഇരുവരും സൗഹാര്‍ദത്തോടെ പിരിയാനാണ് ആഗ്രഹിച്ചതെന്നും അഭിഭാഷക പറഞ്ഞു. അതിനാല്‍, തന്റെ കക്ഷി ജീവനാംശം ആവശ്യപ്പെട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി. വൈകാരികമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. അതിനാല്‍, വിവാഹമോചനം ഒരു രമ്യമായ ഒത്തുതീര്‍പ്പായിരുന്നു.

Signature-ad

അതേസമയം, എആര്‍ റഹ്‌മാന്റെ വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാസിസ്റ്റായ മോഹിനി ഡേയും താന്‍ വിവാഹ മോചിതയായെന്ന വിവരം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. ഇത് വലിയ ചര്‍ച്ചകള്‍ക്കും സംശങ്ങള്‍ക്കും ഇടയാക്കി. ഇതിനും അഭിഭാഷക മറുപടി നല്‍കി. രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് അവര്‍ പറഞ്ഞത്. പൊരുത്തക്കേടുകള്‍ കാരണം അവര്‍ മാന്യമായി വേര്‍പിരിഞ്ഞു. അതിലിനി ഊഹാപോഹങ്ങള്‍ കുത്തിനിറച്ച് അവരെ ബുദ്ധിമുട്ടിപ്പിക്കരുത്. ഒരുപാട് ആലോചിച്ചാണ് ദമ്പതികള്‍ വിവാഹമോചനം എന്ന തീരുമാനമെടുത്തതെന്നും അഭിഭാഷക വ്യക്തമാക്കി.

Back to top button
error: