CrimeNEWS

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും

തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് നഴ്സിങ് വിദ്യാര്‍ഥിനി വീണുമരിച്ച സംഭവത്തില്‍ പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.അബ്ദുല്‍ സലാം കര്‍ശനനിര്‍ദേശം നല്‍കി. സഹപാഠികളില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛന്‍ സജീവ് കോളേജ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികള്‍ക്ക് മെമ്മോ നല്‍കി അവരില്‍നിന്ന് വിശദീകരണം തേടി. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് മരണം.

Signature-ad

ക്ലാസില്‍നിന്ന് ടൂര്‍ പോകുന്നതിനായി അമ്മുവിനെ ടൂര്‍ കോഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ക്ലാസിലെ ഏതാനും വിദ്യാര്‍ഥികള്‍ ഇത് എതിര്‍ത്തു. സഹപാഠികള്‍ക്കിടയില്‍ നിലനിന്നിരുന്ന ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് എതിര്‍പ്പുണ്ടായതെന്നാണ് വിവരം. ഈ വിവരങ്ങള്‍ അമ്മു വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അച്ഛന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. അമ്മുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനായി കോളേജില്‍ തിങ്കളാഴ്ച യോഗം ചേരും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: