KeralaNEWS

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്‌മാനന്ദ തീര്‍ത്ഥര്‍ സമാധിയായി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ മുഖ്യാധികാരികളില്‍ ഒരാളായ മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര്‍ പരമേശ്വര ബ്രഹ്‌മാനന്ദ തീര്‍ത്ഥര്‍ (66) സമാധിയായി. അസുഖബാധിതനായി ഒരാഴ്ചയോളം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10നാണ് അന്ത്യം. ചാലക്കുടി തിരുത്തിപ്പറമ്പ് തിരുത്തൂര്‍മന അംഗമാണ്. കേന്ദ്ര എസ്–സി എസ്ടി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. 2000ല്‍ ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചശേഷം 2016ലാണ് സന്യാസദീക്ഷ സ്വീകരിച്ചത്. മുഞ്ചിറമഠം പരമ്പരയിലെ 47-മത് സ്വാമിയാണ്. ബുധനാഴ്ച പകല്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഠത്തില്‍ എത്തിച്ചശേഷം സമാധിക്രിയകള്‍ ആരംഭിക്കും.

കന്യാകുമാരിയില്‍ അന്യാധീനപ്പെട്ട് കിടന്ന മുഞ്ചിറമഠം പോരാട്ടത്തിലൂടെ തിരിച്ചെടുത്ത വ്യക്തിയാണ് സ്വാമി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപത്തുള്ള മുഞ്ചിറമഠത്തിന്റെ സ്ഥലം കൈയേറിയതിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയത് സ്വാമിയാണ്.

Signature-ad

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലിയടക്കം വിവിധ പൂജാകാര്യങ്ങളില്‍ നടത്താനുള്ള അവകാശം മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര്‍ക്കും നടുവില്‍മഠം മൂപ്പില്‍ സ്വാമിയാര്‍ക്കുമാണ്. ഊഴം അനുസരിച്ച് ഇരുവരും പുഷ്പാഞ്ചലി സ്വാമിയാരായി ക്ഷേത്രാരാധന നടത്തുകയാണ് പതിവ്.

ക്ഷേത്രചരിത്രത്തില്‍ മുഖ്യസ്ഥാനമുള്ള എട്ടരയോഗത്തിന്റെ അദ്ധ്യക്ഷം വഹിച്ചിരുന്നതും ഉത്സവത്തിന് അനുജ്ഞ കൊടുക്കുന്നതും ചെയ്തിരുന്നത് പുഷ്പാഞ്ജലി സ്വാമിയാരാണ്. ശങ്കരാചാര്യറുടെ ശിഷ്യന്മാര്‍ തൃശൂരില്‍ നാല് മഠങ്ങള്‍ സ്ഥാപിച്ചിരുന്നു. തെക്കേ മഠം, വടക്കേ മഠം, നടുവില്‍ മഠം,ഇടയില്‍ മഠം എന്നിവയാണവ. ഇതില്‍ ഇടയില്‍ മഠം തൃക്കൈക്കാട്ട് മഠം ആയി മാറി. ഈ മഠത്തിന്റെ ശാഖയാണ് മുഞ്ചിറമഠം.

 

 

Back to top button
error: