IndiaNEWS

അല്ലു അര്‍ജുനെതിരെ വിഡിയോ; യൂട്യൂബ് ചാനല്‍ ഓഫിസിലേക്ക് ഇരച്ചെത്തി ആരാധകര്‍

ഹൈദരാബാദ്: തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെതിരെ ആക്ഷേപകരമായ വിഡിയോകള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ആരാധകക്കൂട്ടം യൂട്യൂബ് ചാനല്‍ ഓഫിസിലേക്ക് ഇരച്ചെത്തി. റെഡ് ടിവിയുടെ ഹൈദരാബാദിലെ ഓഫിസിലാണ് തിങ്കളാഴ്ച പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്. താരത്തിനും ഭാര്യ സ്‌നേഹ റെഡ്ഡിക്കുമെതിരെ ആക്ഷേപകരമായ വിഡിയോകള്‍ പങ്കുവെച്ചന്നാണ് ഇവരുടെ പരാതി.

രോഷാകുലരായ ആരാധകര്‍ ചാനല്‍ ഓഫിസില്‍ ബഹളം വെക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചാനലില്‍നിന്ന് വിഡിയോകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് വിഡിയോയില്‍ കാണാം. ഇവ നീക്കിയില്ലെങ്കില്‍ ഓഫിസ് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

Signature-ad

ഇതിന്റെ വിഡിയോകള്‍ ആള്‍ ഇന്ത്യ അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്റെ ‘എക്‌സ്’ അക്കൗണ്ടില്‍ പങ്കുവെക്കുകയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

‘കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ റെഡ് ടിവിയെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട്. അവര്‍ അല്ലു അര്‍ജുനെതിരെ നെഗറ്റീവ് കാമ്പയിന്‍ നടത്തുകയാണ്. ഈയിടെ അല്ലു അര്‍ജുനെയും ഭാര്യയെയും മക്കളെയും ഉള്‍പ്പെടുത്തി അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു. അല്ലു അര്‍ജുന് ദോഷം ചെയ്യുന്ന രീതിയിലുള്ള തമ്പ്‌നൈലുകളാണ് അവര്‍ ഉപയോഗിക്കുന്നത്.

സോഷ്യല്‍ മീഡിയ സുരക്ഷിത ഇടമായി മാറ്റാന്‍ ഞങ്ങള്‍ അവരുടെ ഓഫിസ് സന്ദര്‍ശിച്ചു. വിഡിയോകള്‍ ഡിലീറ്റ് ചെയ്യാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്താനും ആവശ്യപ്പെട്ടു. നമുക്ക് സോഷ്യല്‍ മീഡിയയെ ഒരു സുരക്ഷിത ഇടമാക്കാം’ -പ്രസ്താവനയില്‍ കുറിച്ചു.

പിന്നീട് ചാനലിലെ ജീവനക്കാരന്‍ വിഡിയോ യൂട്യൂബില്‍നിന്ന് നീക്കുകയും മുതിര്‍ന്ന അംഗം അല്ലു അര്‍ജുനോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പ് പറയുകയും ചെയ്തു. ‘നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത് പോലെ, ഈ ചിത്രങ്ങള്‍ അബദ്ധത്തില്‍ സംഭവിച്ചതാണ്. അല്ലു അര്‍ജുനോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു, കാരണം ഞങ്ങള്‍ ഇത് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇവിടേക്ക് വന്ന ആരാധകരോടും ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. ഞങ്ങള്‍ ഇത് ഒരിക്കലും ആവര്‍ത്തിക്കില്ല’ -അദ്ദേഹം പറയുന്നുണ്ട്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് അല്ലു അര്‍ജുന്റെ ആരാധകര്‍ ചാനല്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം, സംഭവത്തെക്കുറിച്ച് ഇതുവരെ അല്ലു അര്‍ജുന്‍ പ്രതികരിച്ചിട്ടില്ല.

അല്ലു അര്‍ജുന്റെ പുതിയ സിനിമ ‘പുഷ്പ:2’ ഡിസംബര്‍ അഞ്ചിന് തിയറ്ററുകളില്‍ ഇറങ്ങാനിരിക്കെയാണ് സംഭവം. ഇതിന്റെ ട്രെയിലര്‍ നവംബര്‍ 17ന് പുറത്തിറങ്ങും. 2021ല്‍ ഇറങ്ങിയ ‘പുഷ്പ: ദ റൈസ്’ സിനിമയുടെ രണ്ടാം ഭാഗമാണിത്.

 

Back to top button
error: