NEWSWorld

അപ്പോള്‍ റ്റാറ്റാ ബൈബൈ ഒകെ സീ യു! ട്രംപിന്റെ വിജയത്തിനു പിന്നാലെ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ അമേരിക്ക വിടുന്നു

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്രവിജയത്തിനു പിന്നാലെ അമേരിക്ക വിടുകയാണെന്ന് ടെസ്ല തലവന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍. രണ്ടു വര്‍ഷം മുന്‍പ് മസ്‌കുമായി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ച വിവന്‍ ജെന്ന വില്‍സണ്‍ ആണ് അമേരിക്കയില്‍ ഇനി ഭാവിയില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന ഫണ്ടറായിരുന്നു മസ്‌ക്. ഇതിനു പുറമെ പരസ്യമായി പ്രചാരണത്തിനും ഇറങ്ങിയിരുന്നു.

‘കുറച്ചു കാലമായി ഞാനിത് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെത്തോടെ അക്കാര്യത്തില്‍ ഒരു തീരുമാനമായി. ഇനി അമേരിക്കയില്‍ കഴിയുന്നതില്‍ ഞാന്‍ ഭാവി കാണുന്നില്ല’-ഇങ്ങനെയായിരുന്നു വിവന്‍ ജെന്ന വില്‍സണ്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ത്രെഡ്സി’ലൂടെയാണു പ്രഖ്യാപനം.

Signature-ad

നാലു വര്‍ഷം മാത്രമേ ട്രംപ് ആ പദവിയിലുണ്ടാകുകയുള്ളൂവെങ്കിലും, അത്ഭുതകരമായി ട്രാന്‍സ് വിരുദ്ധ നിയന്ത്രണങ്ങളൊന്നും നടപ്പാക്കുന്നില്ലെങ്കിലും അദ്ദേഹത്തിനു വോട്ട് ചെയ്ത ജനങ്ങള്‍ അവിടെയുണ്ടല്ലോ എന്നും വിവന്‍ ചൂണ്ടിക്കാട്ടി. അവര്‍ അടുത്തൊന്നും എവിടെയും പോകില്ലെന്നും അവര്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ക്കെതിരെ കടുത്ത നിലപാടുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരത്തെ തന്നെ മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ പേരുമാറ്റത്തെ എതിര്‍ത്തും മസ്‌ക് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ട്രംപ് അധികാരമേറ്റതോടെ കടുത്ത ആശങ്കയിലാണ് അമേരിക്കയിലെ ട്രാന്‍സ് സമൂഹം.

അതേസമയം, ആദ്യ ഭാര്യ ജസ്റ്റിന്‍ വില്‍സണുമായുള്ള ബന്ധത്തിലുള്ള മസ്‌കിന്റെ ആറു മക്കളില്‍ ഒരാളാണ് വിവന്‍ ജെന്ന വില്‍സണ്‍. സേവ്യര്‍ അലെക്‌സാന്‍ഡര്‍ മസ്‌ക് ആയിരുന്നു പഴയ പേര്. 2022 ജൂണിലാണ് അച്ഛനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചത്. പ്രത്യേകം അപേക്ഷ നല്‍കി പേരുമാറ്റുകയും ചെയ്തു. പിതാവുമായി രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ ബന്ധം നിലനിര്‍ത്തി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞാണ് സാന്റ മോണിക്കയിലുള്ള ലോസ് ആഞ്ചല്‍സ് കൗണ്ടി സുപീരിയര്‍ കോടതിയെ വിവന്‍ സമീപിച്ചത്. പേരുമാറ്റത്തിനൊപ്പം പുതിയ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കാലിഫോര്‍ണിയയില്‍ 18 വയസാണ് സ്വയം നിര്‍ണയാധികാരത്തിനുള്ള പ്രായപരിധി. ഇതു പിന്നിട്ടത്തിനു പിന്നാലെയാണ് തന്റെ ലിംഗസ്വത്വം വെളിപ്പെടുത്തി വിവന്‍ ജെന്ന പരസ്യമായി രംഗത്തെത്തിയത്. താന്‍ സ്ത്രീയാണെന്നായിരുന്നു വെളിപ്പെടുത്തല്‍. കഴിഞ്ഞ ജൂലൈയില്‍ മസ്‌കിനെതിരെ ഗുരുതര ആരോപണങ്ങളുമായും അവര്‍ രംഗത്തെത്തിയിരുന്നു. പിതാവെന്ന നിലയ്ക്ക് മോശം അനുഭവമാണുണ്ടായതെന്നും ക്രൂരമായി പെരുമാറിയെന്നുമെല്ലാം അവര്‍ ആരോപിച്ചിരുന്നു.

ഉന്നതശ്രേണിയിലുള്ളവരുടെ സ്വകാര്യ സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും ‘നവമാര്‍ക്സിസ്റ്റു’കളാണ് താനും മകളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമെന്നായിരുന്നു മസ്‌ക് ആരോപിക്കാറുണ്ടായിരുന്നത്. മകളെ ‘ഇടതു മനശ്ശാസ്ത്ര വൈറസ്’ ബാധിച്ചിരിക്കുകയാണെന്നും അവള്‍ മരിച്ചുപോയെന്നുമെല്ലാം അദ്ദേഹം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. സോഷ്യലിസവും കടന്ന് അവള്‍ പൂര്‍ണമായി കമ്യൂണിസ്റ്റ് ആയിരിക്കുകയാണ്. സമ്പന്നരെല്ലാം മോശക്കാരാണെന്നാണു ചിന്തിക്കുന്നതെന്നും മസ്‌ക് ആരോപിച്ചിരുന്നു.

കനേഡിയന്‍ എഴുത്തുകാരി കൂടിയാണ് വിവന്‍ ജെന്നയുടെ അമ്മ ജസ്റ്റിന്‍ വില്‍സണ്‍. 2008ലാണ് ഇവര്‍ മസ്‌കുമായി പിരിയുന്നത്. ഇതിനുശേഷം വിവന്‍ അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: