തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന്റെ ചിറകരിയാനുള്ള കൂടുതല്‍ നടപടികളുമായി പൊലീസ് ഉന്നതര്‍. ക്രമസമാധാന ചുമതലയുണ്ടായിരുന്ന കാലത്ത് അജിത് കുമാര്‍ തുടങ്ങിവച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം പുതിയ മേധാവി മനോജ് എബ്രഹാം പിരിച്ചുവിട്ടു. ഇതിലുണ്ടായിരുന്ന 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാനും നിര്‍ദേശം നല്‍കി.
ഡിജിപി അറിയാതെയായിരുന്നു അജിത് കുമാര്‍ പ്രത്യേക സംവിധാനം ഉണ്ടാക്കിയത് .സംസ്ഥാന, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ നിലവിലുള്ളപ്പോഴായിരുന്നു ഇത്. അജിത് കുമാറിനെതിരെയുള്ള ഏറ്റവും വലിയ ആരോപണങ്ങളില്‍ ഒന്നായിരുന്നു ഇത്.
എസ്പിമാരുടെയും കമ്മിഷണര്‍മാരുടെയും ഓഫീസുകളിലാണ് സമാന്തര ഇന്റലിജന്‍സില്‍ പെട്ട ഉദ്യോഗസ്ഥരെ നിയമിച്ചതെങ്കിലും ഇവരുടെമേല്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. എല്ലാം അജിത് കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും നോട്ടപ്പുള്ളികളായ ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സമാന്തര ഇന്റലിജന്‍സിനെതിരെ പൊലീസ് മേധാവി കടുത്ത പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം ആദ്യമാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദ വിഷയങ്ങളെ തുടര്‍ന്ന് എഡിജിപിയെ മാറ്റി നിര്‍ത്തണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം രൂക്ഷമായിരുന്നു. തുടര്‍ന്നായിരുന്നു നടപടി എടുത്തത്.
ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയാണ് എഡിജിപിക്ക് വിനയായി മാറിയത്. പൂരം കലക്കല്‍ വിഷയത്തില്‍ നടത്തിയ ഇടപെടലും തുടര്‍ന്ന് തൃശൂരിലെ വിഎസ് സുനില്‍കുമാറിന്റെ തോല്‍വിയും സിപിഐയെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടിലേക്ക് സിപിഐ എത്തിയത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം ആവര്‍ത്തിച്ച് ധരിപ്പിക്കുകയും ചെയ്തിരുന്നു.ഇതിനിടെയാണ് അജിത് കുമാറിനെതിരെയുളള ആരോപണങ്ങള്‍ കടുപ്പിച്ച് പി വി അന്‍വറും രംഗത്തെത്തിയത്.