കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കിയതെങ്കിലും ഇന്നുവൈകിട്ട് അഞ്ചുമണിവരെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ടു കോടതി. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണം.
കസ്റ്റഡി അനുവദിച്ചതിനെത്തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിനായി എസിപി ഓഫീസിലേക്ക് കൊണ്ടുപാേയിട്ടുണ്ട്. അറസ്റ്റിലായ അന്ന് പൊലീസ് ദിവ്യയെ ചോദ്യംചെയ്‌തെങ്കിലും പല കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇതില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. കോടതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ മാദ്ധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ദിവ്യ പ്രതികരിക്കാന്‍ തയ്യാറായില്ല.
അതിനിടെ ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ കഴിഞ്ഞദിവസമാണ് ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്.