CrimeNEWS

ആറ് ചാക്കിലായി കോടികള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ വന്‍ വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി ഗുരുതര വെളിപ്പെടുത്തല്‍. കുഴല്‍പ്പണം തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്ന് കേസിലെ സാക്ഷിയും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുമായ തിരൂര്‍ സതീഷ് വെളിപ്പെടുത്തി. പാര്‍ട്ടി ഓഫീസിലാണ് ആറ് ചാക്കുകളിലായി
കോടികള്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണു കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് ഈ പണം കൈകാര്യം ചെയ്തതെന്നും സതീഷ് വ്യക്തമാക്കി.

”ആദ്യം തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്നായിരുന്നു കരുതിയത്. എന്നാല്‍, ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായത്. തെരഞ്ഞെടുപ്പ് ആവശ്യാര്‍ഥമുള്ള പണമായിരുന്നു അത്. തൃശ്ശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു. പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നെന്നു” -സതീശ് പറഞ്ഞു.

Signature-ad

നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരന്‍ ധര്‍മജന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യം പറയാനുണ്ടെന്നും പിന്നീട് പ്രതികരിക്കുമെന്നും സതീശ് പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് ഉണ്ടായപ്പോള്‍ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം പറഞ്ഞിരുന്നത്. എന്നാല്‍ അന്നത്തെ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിലൂടെ വിഷയം വീണ്ടും വിവാദമവുകയാണ്.

2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40-നാണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. കാര്‍ തട്ടിക്കൊണ്ടുപോയെന്നും അതില്‍ 25 ലക്ഷമുണ്ടെന്നുമായിരുന്നു പരാതി. കേസ് അന്വേഷിച്ച പ്രത്യേക സംഘം, ബി.ജെ.പി.യുടെ പണമായിരുന്നെന്നും മൂന്നരക്കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി. തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാനാണ് കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാണിച്ചിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: