ഭര്‍ത്താവ് മരിച്ചെന്ന് കരുതി ജീവിതകാലം മുഴുവന്‍ കരഞ്ഞിരിക്കണോ? വധുവിനെപ്പോലെ ഒരുങ്ങി രേണു സുധി
സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന വ്യക്തിയാണ് അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍പോലും ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ഒരു വിധവ ഇങ്ങനെ നടക്കരുത് എന്ന തരത്തിലാണ് താഴെ കമന്റുകളുണ്ടാകുക എന്നും രേണു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ഇത്തരത്തിലുള്ള കമന്റുകള്‍ ഒന്നും നോക്കാറില്ലെന്നും കുറ്റം പറയുന്ന ആരും നമുക്ക് ഒന്നും തരുന്നില്ലെന്നും രേണു നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ വിമര്‍ശകരുടേയും പരിഹാസം ചൊരിയുന്നവരുടേയും വായ അടപ്പിക്കുന്ന തരത്തിലുള്ള മറുപടി നല്‍കിയിരിക്കുകയാണ് രേണു. ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് രേണുവിന്റെ മറുപടി. ഗോള്‍ഡന്‍ കസവുള്ള മഞ്ഞ നിറത്തിലുള്ള സാരിയും ചുവപ്പ് ബ്ലൗസുമാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് യോജിക്കുന്ന രീതിയില്‍ ആന്റിക് ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. മുത്തുകള്‍ പതിപ്പിച്ച വലിയ ജിമിക്കി കമ്മലും നെറ്റിച്ചുട്ടിയും രേണുവിനെ കൂടുതല്‍ സുന്ദരിയാക്കി.
മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുജ അഖിലേഷാണ് രേണുവിനെ നവവധുവായി ഒരുക്കിയത്. ചുവപ്പ് ലിപ്സ്റ്റിക്കും മുടിയില്‍ പൂവും ചൂടി സിംപിള്‍ മേക്കപ്പിലാണ് രേണുവിനെ സുജ ഒരുക്കിയത്. ബ്രൈഡല്‍ ലുക്കിലുള്ള രേണുവിന്റെ ചിത്രങ്ങള്‍ക്ക് താഴെ പോസിറ്റീവായി നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
‘അവര്‍ ജീവിക്കട്ടെ, അവര്‍ സന്തോഷിക്കട്ടെ, ഭര്‍ത്താവ് മരിച്ചെന്ന് കരുതി ജീവിതകാലം മുഴുവന്‍ കരഞ്ഞ് ജീവിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല’-എന്നാണ് ഒരു കമന്റ്. വീണ്ടും സുമംഗലിയാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇത് കാണാന്‍ സുധി ഉണ്ടാകണമായിരുന്നു എന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.