CrimeNEWS

ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ 500 ന്റെ നോട്ടുകളുമായെത്തി; സംശയം തോന്നി അധികൃതര്‍ പോലീസില്‍ അറിയിച്ചു; വ്യാജ നോട്ടുകളുമായി ലോട്ടറി വില്‍പനക്കാരന്‍ പിടിയില്‍

എറണാകുളം: കുന്നുകര സഹകരണ ബാങ്കില്‍ വ്യാജ നോട്ട് കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായത് ലോട്ടറി വില്‍പനക്കാരന്‍. സംഭവത്തില്‍ വയല്‍കര പ്ലാശ്ശേരി വീട്ടില്‍ ശ്രീനാഥ് (32) ആണ് അറസ്റ്റിലായത്.

ബാങ്ക് അധികൃതരുടെ പരാതിയില്‍ ചെങ്ങമനാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്.

Signature-ad

കുന്നുകരയിലുള്ള സഹകരണ ബാങ്കില്‍ പ്രതിക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. ഈ അക്കൗണ്ടിലേക്ക് 500ന്റെ 11 വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഏല്‍പിച്ച ശേഷം ഇയാള്‍ മടങ്ങി. എന്നാല്‍ ലഭിച്ച നോട്ടുകളില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ചെങ്ങമനാട് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ സോണി മത്തായിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പോലീസ് ഇയാളെ ഗോതുരുത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കൂടാതെ നോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ ലോട്ടറി വില്‍പനക്കിടെ നോട്ടുകള്‍ റോഡരികിലെ പുല്ലില്‍ നിന്ന് കിട്ടിയതാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: