CrimeNEWS

ജ്യൂസില്‍ മദ്യം കലര്‍ത്തിനല്‍കി പീഡനം, പിന്നാലെ തീര്‍ഥാടനം; കൊച്ചിയിലെ റിട്ട. ഉന്നതന്‍ ഒളിവില്‍

കൊച്ചി: വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ മദ്യം നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി ഒളിവില്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്ത വൈറ്റില സില്‍വര്‍സാന്‍ഡ് ഐലന്‍ഡില്‍ ശിവപ്രസാദാണ് (74) പ്രതി. പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് പോയ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 22 വയസുകാരിയായ ഒഡിഷ സ്വദേശിയായ യുവതിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നു.

ഒഡിഷയിലെ ഗജപതി ജില്ല സ്വദേശിയായ ഇരുപത്തി രണ്ടുകാരിയായ ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 വയസ്സ് മുതല്‍ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 4-ന് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടില്‍ 15,000 രൂപ മാസശമ്പളത്തില്‍ ജോലിക്കായി എത്തിയത്.

Signature-ad

15-ാം തീയതി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കിയായിരുന്നു ശിവപ്രസാദ് പെണ്‍കുട്ടിയെ അക്രമിച്ചത്. തുടര്‍ന്ന് പിറ്റേ ദിവസം ഇയാള്‍ യുവതിയെ വീട്ടില്‍ തനിച്ചാക്കി കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് പോകുകയും ചെയ്തു. ഇതിനിടെ പീഡന വിവരം യുവതി തന്റെ ബന്ധുവിനെ അറിയിക്കുകയും ഇവര്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി ഇതരസംസ്ഥാനക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സിഎംഐഡി യെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

ജ്യൂസില്‍ മദ്യം ചേര്‍ത്ത് നല്‍കിയതിന് പിന്നാലെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നും ബോധം നഷ്ടമായ യുവതിക്ക് പിന്നീട് എന്താണ് നടന്നതെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പോലീസിന് നല്‍കിയ മൊഴി. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡന വിവരം വ്യക്തമാകുന്നത്.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവി വഹിച്ച വ്യക്തിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുയരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പ്രതി എറണാകുളം ജില്ല സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: