KeralaNEWS

റേഷന്‍ കടകളില്‍ മണ്ണെണ്ണ കിട്ടാനില്ല; മണ്ണെണ്ണ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തില്‍. മഞ്ഞ – പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാനുള്ള മണ്ണെണ്ണ പോലും റേഷന്‍ കടകളിലേക്ക് എത്തുന്നില്ല. മണ്ണെണ്ണ വിഹിതത്തില്‍ കേന്ദ്രം കുറവ് വരുത്തിയതും മൊത്ത വിതരണ കേന്ദ്രത്തില്‍ പോയി വ്യാപാരികള്‍ക്ക് മണ്ണെണ്ണ എടുക്കാനുള്ള ചിലവും കൂടിയതോടെയാണ് വിതരണം പ്രതിസന്ധിയിലായത്. വിതരണത്തിലെ ബുദ്ധിമുട്ട് വ്യാപാരികള്‍ ഭക്ഷ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടെ മണ്ണെണ്ണ വിഹിതം വലിയ തോതില്‍ വെട്ടിക്കുറക്കുന്നുണ്ട്. അര്‍ഹമായ വിഹിതം ലഭിക്കാത്ത സാഹചര്യം പലതവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ അരലിറ്റര്‍ വീതം മഞ്ഞ – പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ വാങ്ങാമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതും ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തി. മണ്ണെണ്ണ വിഹിതത്തില്‍ കുറവ് വന്നതോടെ ഓരോ താലൂക്കിലും പ്രവര്‍ത്തിച്ചിരുന്ന മണ്ണെണ്ണ മൊത്ത വിതരണ കേന്ദ്രങ്ങള്‍ പൂട്ടി.

Signature-ad

ജില്ലയില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമായി വിതരണ കേന്ദ്രങ്ങള്‍ ചുരുങ്ങുകയും ചെയ്തു. ഒരു റേഷന്‍ കടയിലേക്ക് 100 ലിറ്റര്‍ മണ്ണെണ്ണ എങ്കിലും വേണ്ടി വരും. ഇത് എടുക്കാന്‍ 50 കിലോമീറ്ററിലധികം പോകേണ്ട സാഹചര്യവും. കൂടുതല്‍ തുക ചെലവ് വന്നതോടെ വ്യാപാരികള്‍ നേരിട്ട് പോകുന്നത് ഒഴിവാക്കി. ഇതും മണ്ണെണ്ണ വിതരണത്തെ താറുമാറാക്കി. വാതില്‍പടി വഴി മണ്ണെണ്ണ റേഷന്‍ കടകളില്‍ എത്തിച്ചാലെ വിതരണം നടത്താനാകൂയെന്നാണ് വ്യാപാരികളുടെ നിലപാട്. ഇക്കാര്യങ്ങള്‍ റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കില്‍ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പൂര്‍ണമായി നിലക്കുന്ന സ്ഥിതിയുണ്ടാകും.

 

Back to top button
error: